കൊച്ചി: കാർബൺ പുറംതള്ളൽ 2035ഓടെ 50 ശതമാനം കുറയ്ക്കാനും 2040ഓടെ മലിനീകരണം പൂജ്യമാക്കാനുമുള്ള ലക്ഷ്യത്തിന്റെ ചുവടു പിടിച്ച് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി മുൻനിര ഐ. ടി കമ്പനിയായ എസ്. എഫ്. ഒ ടെക്‌നോളജീസിന്റെ കാർബൺ റിഡക്ഷൻ ഉദ്യമത്തിന് തുടക്കമായി. ഐ. എസ്. ആർ. ഒ ചെയർമാനും സ്‌പേസ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയുമായ എസ്. സോമനാഥ് നെസ്റ്റ് ഹൈടെക് പാർക്കിൽ ദൗത്യം ഉദ്ഘാടനം ചെയ്തു. നെസ്റ്റ് എഞ്ചിനീയർമാരുമായും മാനേജ്‌മെന്റ് ടീമുമായും കാർബൺ ന്യൂട്രാലിറ്റിയെക്കുറിച്ചും കമ്പനികൾക്ക് ചെയ്യാൻ കഴിയുന്ന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങൾക്കായുള്ള ആർ. എഫ് ഉപസംവിധാനങ്ങൾ, ആന്റിന സിസ്റ്റങ്ങളുടെ നിർമ്മാണം, വിക്ഷേപണ വാഹനങ്ങൾക്കായുള്ള ക്രയോജനിക് എഞ്ചിൻ നിയന്ത്രണ സംവിധാനങ്ങൾ എന്നിങ്ങനെ ഒന്നിലധികം പ്രോഗ്രാമുകളിൽ എസ്. എഫ്. ഒ ടെക്‌നോളോജിസ് ഐ. എസ്. ആർ. ഒയുമായി സഹകരിച്ചിട്ടുണ്ട്. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ഐ. എസ്. ആർ. ഒയുമായി സഹകരിക്കാൻ ചർച്ചകൾ നടക്കുകയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ. ജഹാംഗീർ പറഞ്ഞു.