കൊച്ചി: അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ഡോക്ടർമാർക്കായി ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട ചർച്ചാക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി, ഇടപ്പള്ളി ഘടകങ്ങളുടെ സഹകരണത്തോടെ കലൂർ ഐ.എം.എ ഹൗസിൽ നടത്തിയ പരിപാടിയിൽ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നായി ഇരുനൂറിലധികം ഫിസിഷ്യൻമാർ പങ്കെടുത്തു. അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് തച്ചാത്തൊടിയിൽ, ഡോ.കെ.യു. നടരാജൻ, ഡോ.പ്രവീൺ ജി. പൈ, ഡോ.എം. വിജയകുമാർ, ഡോ. സരിത ശേഖർ, ഡോ. ഹിഷാം അഹമ്മദ്, ഡോ.നവീൻ മാത്യു, ഡോ.എം.എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹൃദ്രോഗങ്ങൾ, രക്താതിസമ്മർദ്ദം, കൊളസ്‌ട്രോൾ, ഡയബറ്റിസ് എന്നിവയുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ സംശയങ്ങൾക്ക് വിദഗ്ദ്ധർ മറുപടി നൽകി.