ട്രയൽ അലോട്ട്മെന്റ് മേയ് 29 ആദ്യ അലോട്ട്മെന്റ് ജൂൺ ആറിനും മുഖ്യ അലോട്ട്മെന്റ് ജൂൺ 19നും
2024-25 അദ്ധ്യയന വർഷത്തെ കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് 'D +" ഗ്രേഡ് നേടിയവർക്ക് അപേക്ഷിക്കാം. 10ാം ക്ലാസ് മാർക്കിന്റെയും വെയ്റ്റേജ് ഗ്രേഡുണ്ടെങ്കിൽ അതും ചേർത്ത് തയ്യാറാക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
1. ഹയർ സെക്കൻഡറി
............................................
https://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ സൈറ്റിൽ PUBLIC എന്ന സെക്ഷനിൽ വിശദമായി നൽകിയിട്ടുണ്ട്. അത് വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷിക്കുക. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന CREATE CANDIDATE LOGIN- SWS എന്ന ലിങ്കിലൂടെയാണ് ലോഗിൻ ചെയ്യേണ്ടത്. മൊബൈൽ ഒ.ടി.പി വഴി ക്രിയേറ്റ് ചെയ്യുന്ന പാസ്ർവേർഡ് പിന്നീടും ഉപയോഗിക്കേണ്ടതിനാൽ കുറിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. അതേസമയം, മറ്റ് ജില്ലകളും പരിഗണിക്കുന്നുണ്ടെങ്കിൽ വേറെ അപേക്ഷ നൽകണം. അപേക്ഷാ ഫീസ് 25 രൂപ. ഫീസ് സ്കൂൾ പ്രവേശന സമയം അടച്ചാൽ മതി. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല.
സബ്ജക്ട് കോമ്പിനേഷൻ (സബ് ഹെഡ്)
.....................................................
പ്രോസ്പെക്ടസിൽ ഓരോ ജില്ലയിലെയും സ്കൂളുകളും അവിടെയുള്ള സബ്ജക്ട് കോമ്പിനേഷനുകളും നൽകിയിട്ടുണ്ട്. കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പല സബ്ജക്ടുകളുടെ 45 കോമ്പിനേഷനുകളുണ്ട്. ഓപ്ഷൻ നൽകും മുമ്പ് പഠിക്കാനാഗ്രഹിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ,സ്കൂൾ സംബന്ധിച്ച വ്യക്തമായ ധാരണ വേണം. ഒരു സ്കൂളും സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരു വിദ്യാർത്ഥിക്ക് മുൻഗണനാ ക്രമത്തിൽ എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം.
ജൂൺ 6ലെ ആദ്യ അലോട്ട്മെന്റിൽ തന്നെ ഉയർന്ന മാർക്കുള്ളവർക്ക് ഇഷ്ട സ്കൂളും കോമ്പിനേഷനും ലഭിച്ചേക്കാം. അവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്കൂളിൽ സ്ഥിരപ്രവേശനം നേടുക. അലോട്ട്മെന്റിൽ തൃപ്തരല്ലെങ്കിൽ സ്കൂളിൽ സർട്ടിഫിക്കറ്റുകൾ നൽകി താത്ക്കാലിക രജിസ്ട്രേഷൻ നടത്താം. അടുത്ത അലോട്ട്മെന്റുകളിൽ മാറ്റം കിട്ടിയാൽ മാത്രം സ്ഥിരപ്രവേശനം നേടിയാൽ മതി. എന്നാൽ, ജൂൺ 19-ലെ മുഖ്യ അലോട്ട്മെന്റിനു മുമ്പ് അഡ്മിഷൻ സ്ഥിരമാക്കിയിരിക്കണം.
ക്വാട്ട വഴിയുള്ള പ്രവേശനം (സബ് ഹെഡ്)
.....................................................
എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ്, കമ്യൂണിറ്റി തുടങ്ങിയ ക്വാട്ടകൾ നിലവിലുണ്ട്. ഈ ക്വാട്ടയിൽ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥി ഏകജാലക സംവിധാനം ഉപയോഗിക്കേണ്ടതില്ല. മാനേജ്മെന്റ് നൽകുന്ന ഫോം ഉപയോഗിച്ചാണ് ഇവിടങ്ങളിലെ പ്രവേശനം.
2. വൊക്കേഷണൽ ഹയർ സെക്കൻഡറി
.................................................................................
സംസ്ഥാനത്തെ 389 വി.എച്ച്.എസ്.സികളിലേക്കുള്ള പ്രവേശനത്തിനും എസ്.എസ്.എൽ.സിക്ക് കുറഞ്ഞത് "D+" ഗ്രേഡുള്ളവർക്ക് അപേക്ഷിക്കാം. www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഏകജാലക രീതിയിലാണ് പ്രവേശനം. പഠനത്തോടൊപ്പം തൊഴിലുംതിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമാണ് വി.എച്ച്.എസ്.സി കോഴ്സിന്റെ പ്രത്യേകത. ഐ.ടി, ടെക്നോളജി, കൃഷി, എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ 48 തൊഴിൽ ശാഖകളാണ് കോഴ്സിന്റെ ഭാഗമായുള്ളത്.
നാല് നോൺ വൊക്കേഷണൽ ഗ്രൂപ്പുകളാണ് വി.എച്ച്.എസ്.സിയിലുള്ളത്.
എ- ഫിസിക്സ്, കെമിസ്ട്രി, കണക്ക്.
ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി.
സി- ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്.
ഡി- അക്കൗണ്ടൻസി, മാനേജ്മെന്റ്, ബിസിനസ് സ്റ്റഡീസ്.
ഈ ഗ്രൂപ്പുകളിനൊന്നിനൊപ്പം ഇംഗ്ലീഷ്, എൻട്രപ്രോണർഷിപ് എന്നിവയും തിരഞ്ഞെടുക്കുന്ന തൊഴിൽ കോഴ്സും ഉണ്ടാകും. 2 വർഷമാണ് കോഴ്സിന്റെ കാലാവധി. ജൂൺ അഞ്ചിന് ആദ്യ അലോട്ടമെന്റ്. ജൂൺ 24-ന് ക്ലാസ് തുടങ്ങും.