ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ള സമരം കൊഴുക്കുന്നു
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെ ചൊല്ലി ഭരണപക്ഷ - പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തം. ഒരാഴ്ചയായി എറണാകുളം ജല അതോറിറ്റി ചീഫ് എൻജിനിയറുടെ ഓഫീസിൽ നടത്തുന്ന സമരത്തിനിടെ പ്രതിപക്ഷാംഗങ്ങൾ രണ്ട് ദിവസം മൂന്നാറിൽ വിനോദയാത്രയ്ക്ക് പോയതിനെ പരിഹസിച്ച് ഭരണപക്ഷം രംഗത്തുവന്നു.
കോൺഗ്രസ് അംഗങ്ങളുടെ സമരം രാഷ്ട്രീയനാടകം മാത്രമായിരുന്നെന്ന് മൂന്നാർ യാത്ര തെളിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളീധരൻ പറഞ്ഞു. ഓഫീസ് സമയങ്ങളിൽ മാത്രമായിരുന്ന സമരമെന്നും രണ്ടാം ശനി, ഞായർ അവധികൾ കണക്കിലെടുത്താണ് സ്വന്തം പണം മുടക്കി യാത്ര പോയതെന്നും തിങ്കൾ മുതൽ രാപ്പകൽ സമരം പ്രഖ്യാപിച്ച ശേഷമായിരുന്നു യാത്രയെന്നും പ്രതിപക്ഷ നേതാവ് എം.പി. ഷൈമോൻ വിശദീകരിച്ചു.
സമരം നടക്കുന്നതിനാൽ തിങ്കളാഴ്ചത്തെ പഞ്ചായത്ത് കമ്മിറ്റി യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
പ്രശ്നം പരിഹരിക്കും
പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനം നടപ്പായില്ല. ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും കത്തും നൽകി. കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കുന്നു. ഇതിന് കൂടുതൽ തുകയും അനുവദിച്ചു. തൃപ്പൂണിത്തുറ എം.എൽ.എയുടെ നിഷ്ക്രിയത്വം കൊണ്ടാണ് കുടിവെള്ളപ്രശ്നം പരിഹാരമില്ലാതെ തുടരുന്നത്. അത് മറച്ചുവയ്ക്കാനാണ് യു.ഡി.എഫ് സമരം.
സജിത മുരളി, പ്രസിഡന്റ്
ഉദയംപേരൂർ പഞ്ചായത്ത്
ആവശ്യത്തിന് കുടിവെള്ളം എത്തിക്കാൻ കഴിയാത്ത ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി രാജിവച്ച് പോകണം. തീരദേശ മേഖലയിലെ ജനങ്ങൾ കുളിക്കാനും കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും കഴിയാതെ ദുരിതത്തിലാണ്. ഉദയംപേരൂർ പഞ്ചായത്തിന് നൽകേണ്ട വെള്ളം കൂടി ആമ്പല്ലൂർ പഞ്ചായത്തിലേക്ക് വിടുകയാണ്. പരിഹാരം കാണാനാവാത്തത് ഭരണസമിതിയുടെ കഴിവുകേടാണ്.
എം.പി. ഷൈമോൻ, പ്രതിപക്ഷ നേതാവ്
ഉദയംപേരൂർ പഞ്ചായത്ത്