ചോറ്റാനിക്കര : ആമ്പല്ലൂർ, ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ പഞ്ചായത്തുകളെ ഉദ്യോഗസ്ഥ ലോബി തമ്മിലടിപ്പിക്കുകയാണെന്ന് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്.
ആമ്പല്ലൂർ, ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ കാഞ്ഞിരമറ്റത്ത് 2003ൽ ടി. എം.ജേക്കബ് ജലസേചന മന്ത്രി ആയിരുന്നപ്പോഴാണ് രണ്ടു പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കാൻ വാട്ടർ ടാങ്ക് സ്ഥാപിച്ചത്. അന്ന് രണ്ട് പഞ്ചായത്തുകളിലും ഉണ്ടായിരുന്ന കണക്ഷൻ 2000 ആയിരുന്നു. 21 വർഷം പിന്നിടുമ്പോൾ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാതെ ഓരോ പഞ്ചായത്തിലും രണ്ടായിരത്തിലധികം കണക്ഷനുകൾ നൽകി. പുതിയതായി 4000 ലേറെ കണക്ഷനുകളാണ് നൽകിയത്. ജലജീവൻ പദ്ധതി പഞ്ചായത്ത് അറിയാതെ കോൺട്രാക്ടർമാർ മുഖേന നടപ്പാക്കിയതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയെന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് പറഞ്ഞു.
ഉദയംപേരൂർ പഞ്ചായത്തിലെ 19-ാം വാർഡിൽ ഫ്ലാറ്റുകളും വില്ലകളും വർദ്ധിച്ചപ്പോൾ ജല ഉപയോഗം കൂടി.
കാഞ്ഞിരമറ്റം വാട്ടർ ടാങ്കിന് കീഴിൽ ഉദയംപേരൂർ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലോ മീറ്ററിൽ പരിശോധിച്ചാൽ ഉദയംപേരൂർ പഞ്ചായത്ത് ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 28 ലക്ഷം ലിറ്റർ മുതൽ 35 ലക്ഷം ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാം. ഇത്ആമ്പല്ലൂരിലെ കുടിവെള്ള വിതരണത്തെ ബാധിക്കുന്നു.
നിലവിൽ കാഞ്ഞിരമറ്റത്ത് സ്ഥാപിച്ചിട്ടുള്ള ടാങ്കിന്റെ സംഭരണശേഷി വർദ്ധിപ്പിച്ച് പുതുതായി നൽകുന്ന ജലജീവന്‍ പദ്ധതി അർഹതപ്പെട്ടവർക്ക് മാത്രം നൽയാണ് പ്രശ്നം പരിഹരിക്കാമെന്നും ബിജു തോമസ് പറയുന്നു.
കുടിവെള്ളത്തിന് രാഷ്ട്രീയമില്ല. കാഞ്ഞിരമറ്റത്ത് വാട്ടർടാങ്ക് തുറക്കുന്ന ദിവസം ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് പ്രതിനിധിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. പ്രതിദിനം പഞ്ചായത്ത് എടുക്കുന്ന വെള്ളത്തിന്റെ അളവ് മീറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മണിയപ്പൻ
വാൽവ് ഓപ്പറേറ്റർ