chinmaya
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂർ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷനും സർവകലാശാല ചാൻസിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി സംസാരിക്കുന്നു.

കൊച്ചി: ആഗോള ചിന്മയ മിഷൻ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വേദാന്തവിജ്ഞാന സദസ് 'ചിന്മയ ശങ്കരം" സമാപിച്ചു.

ജഗദ് ഗുരു ശങ്കരാചാര്യ ജയന്തിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മഗൃഹമായ പിറവം വെളിയനാടുള്ള മേൽപ്പാഴൂർ മനയിൽ ആദിശങ്കരപൂജയും രുദ്രാഭിഷേകവും നടന്നു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി കാർമ്മികത്വം വഹിച്ചു. മേൽപ്പാഴൂർ മനയിലെ ശങ്കരാചാര്യർ ജനിച്ച മുറിയിലായിരുന്നു ചടങ്ങുകൾ. ചിന്മയ മിഷൻ ഗുരുജി സ്വാമി തേജോമയാനന്ദ, ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവർ മേൽപ്പാഴൂർ മനയിലെത്തി.

അഞ്ചു ദിവസമായി നടന്നുവന്ന ചിന്മയ ശങ്കരത്തിൽ പങ്കെടുക്കാൻ എത്തിയവർ എറണാകുളത്തപ്പൻ മൈതാനിയിൽ നിന്ന് തീർത്ഥയാത്രയായി മേൽപ്പാഴൂർ മനയിലെത്തി ദർശനം നടത്തി അനുഗ്രഹം തേടി. ചിന്മയ മിഷനിലെ മുതിർന്ന സ്വാമിമാരും ബ്രാഹ്മചാരികളും ചടങ്ങുകളിൽ പങ്കെടുത്തു.

തുടർന്ന് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂർ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷനും സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവഹിച്ചു. സർവകലാശാലയുടെ സ്ഥാപക ചാൻസലറായ സ്വാമി തേജോമയാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, സർവകലാശാല മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല, വൈസ് ചാൻസലർ അജയ് കപൂർ തുടങ്ങിയവരും പങ്കെടുത്തു.