പെരുമ്പാവൂർ: ഏത് നേരവും നിലംപൊത്താവുന്ന അപകടം പതിയിരിക്കുന്ന ഈ കൂരയുടെ അവസ്ഥ ആരുടെയും കരളലിയിക്കും. കല്ലുകെട്ടി മറച്ച് ഷീറ്റ് വലിച്ചുകെട്ടിയ ഈ ഷെഡിനെ
വീടെന്ന് പറയാൻ കഴിയില്ല .
വെങ്ങോല തുറകണ്ടം മണക്കാട് നരീക്കൽ വീട്ടിലെ ലീലാരാജൻ അന്തിയുറങ്ങുന്നത് ഇതിലാണ്. നാലു വർഷം മുൻപ് രോഗ ബാധിതനായി ഭർത്താവ് മരിച്ച ശേഷം മുടങ്ങിയ വീടിന്റെ നിർമാണം എങ്ങനെ പൂർത്തീകരിക്കുമെന്ന് ഈ അമ്മയ്ക്ക് ഒരെത്തും പിടിയുമില്ല.
45 വർഷക്കാലമായി ഇവിടെ ഇവർ താമസം തുടങ്ങിയിട്ട്. പിതാവ് ലീലക്ക് വാങ്ങി നൽകിയ അഞ്ച് സെന്റ് പുരയിടം ഇവർക്ക് സ്വന്തമായുണ്ട്. ഇത് പുരയിടമാണോ നിലമാണോ എന്ന് തന്നെ അറിയില്ല ലീലയ്ക്ക്.
ഭർത്താവിന്റെ മരണത്തോടെയാണ് വീട് നിർമ്മാണം പ്രതിസന്ധിയിലായത്.
നിർദ്ധന ഭവനപദ്ധതി പ്രകാരം ലീലയ്ക്കും കുടുംബത്തിനും വീട് അനുവദിച്ചതാണ്. രണ്ട് ഗഡു തുക കിട്ടിയെങ്കിലും തറപണി തീർന്നപ്പോൾ ഭർത്താവ് രാജൻ രോഗബാധിതനായി. നാല് വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഭർത്താവിന്റെ അസുഖവും ചികിത്സയും ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യതയിൽ വീടുനിർമ്മാണം മുടങ്ങി. ഓരോരോ കാരണങ്ങൾ പറഞ്ഞ് തുടർ സഹായം നിഷേധിക്കപ്പെട്ടു.വസ്തു പുരയിടമല്ല, നിലമാണ് എന്നതു തുടങ്ങി ബംഗളൂരുവിൽ കൂലിവേലയ്ക്ക് പോയ മകൻ ഗൾഫിലാണ് ജോലിയെടുക്കുന്നതെന്ന തെറ്റിദ്ധാരണ വരെ തടസമായെന്ന് ലീല പറയുന്നു. വീട് പണി പുനരാരംഭിക്കാൻ സഹായം തേടി മുട്ടാത്ത വാതിലുകളില്ല.
രണ്ട് മക്കളാണ് ലീലയ്ക്ക്. ഒരു മകനും ഒരു മകളുമാണ് ലീലയ്ക്ക്. മകൻ വിവാഹ ബന്ധം വേർപെട്ട് അമ്മയോടൊപ്പമാണ് താമസം. മകളെ വിവാഹം കഴിച്ചയച്ചു. വീട് എങ്ങനെയെങ്കിലും പൂർത്തിയാക്കണം. ഇനിയുള്ള കാലം സുരക്ഷിതമായി തല ചായ്ക്കണം. ഇതാണ് ലീലയുടെ ഏക ആഗ്രഹം. സംഘടനകളോ വ്യക്തികളോ മറ്റോ കനിഞ്ഞാൽ മാത്രമേ ഈ വൃദ്ധമാതാവിന്റെ ആഗ്രഹം നടക്കുകയുള്ളൂ. അത് നടക്കുമെന്ന പൂർണമായ വിശ്വാസമുണ്ടെന്ന് ലീല പറയുന്നു. 9846023753 ആണ് ലീലയുടെ നമ്പർ.