മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ചുകീറിയ നായ ചത്തു. അക്രമത്തിന് ശേഷം നഗരസഭാ വളപ്പി​ൽ ഇരുമ്പുകൂട്ടിൽ പൂട്ടിയിട്ടിരുന്ന നായയാണ് ഞായറാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. നായക്ക് പേവിഷ ബാധയുണ്ടായിരുന്നോ എന്ന സംശയം ഉയർന്നതിനിടെയാണ് നായ ചത്തത്. നായയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇത് സംബന്ധിച്ച വ്യക്തത വരുത്താൻ കഴിയൂ. തൃശൂർ വെറ്റിനറി മെഡിക്കൽ കോളേജിലെ പരിശോധനകൾക്ക് ശേഷം അവരാകും പേവിഷ സ്ഥിരീകരണം നടത്തുക. വ്യാഴാഴ്ചയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലായി നായയുടെ ആക്രമണമുണ്ടായത്. നായ ആടിനെയും പശുവിനെയും ആക്രമിച്ചു.

മദ്രസയിൽ പോയി വരുകയായിരുന്ന കടവുംപാടം തേലയ്ക്കൽ യഹിയാ ഖാന്റെ മകൾ മിൻഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കൽ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേൽ രേവതി (22) ക്കും കടിയേറ്റു. ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23) ന് നായയുടെ ആക്രമണമുണ്ടായത്. തുടർന്ന് പുളിഞ്ചുവട് ഭാഗത്ത് ബൈക്കിൽ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാർ (60)നെയും പട്ടികടിച്ചു. പുളിഞ്ചുവട് പാലക്കാട്ട് പുത്തൻപുരയിൽല്‍ നിയാസിന്റെ മകൾ നിഹ (12) യെ വീടിന് സമീപത്തെ റോഡിൽ വച്ചാണ് ആക്രമിച്ചത്. അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി അബ്ദുൾ അലി (30) യുടെ വലത് കാലിൽ നായ കടിച്ചു പറിച്ചു.

നായയുടെ ആക്രമണത്തിനിരയായവർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. കോട്ടയത്ത് നിന്നെത്തിയെ ഡി .ജയകുമാറിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി ഇരുമ്പ് കൂട്ടിൽ തളച്ചതിന് ശേഷം പത്ത് ദിവസത്തേയ്ക്ക് നിരീക്ഷണത്തിനായാണ് നഗരസഭാ വളപ്പി​ൽ സൂക്ഷിച്ചത്. ആരോഗ്യ വിഭാഗം പരിക്കേറ്റവരിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്.