abhishek
അഭിഷേക്

രണ്ടു പേർ ഗുരുതരാവസ്ഥയിൽ

വൈപ്പിൻ: എറണാകുളം കതൃക്കടവ് പത്ത് മുറി വെള്ളേപ്പറമ്പിൽ വീട്ടിൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിഷേക് (21) പുതുവൈപ്പ് ബീച്ചിൽ മുങ്ങിമരിച്ചു. ഇന്നലെ രാവിലെ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. കടലിൽ മുങ്ങി അവശരായ കതൃക്കടവ് മേത്തേക്കാട്ട് വീട്ടിൽ ബോബന്റെ മകൻ മിലൻ (20), ഗാന്ധിനഗർ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകൻ ആൽവിൻ (20) എന്നിവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുളിക്കാനിറങ്ങിയ ആറുപേരിൽ മൂന്നുപേർ തിരയിൽപ്പെടുകയായിരുന്നു. ബീച്ചിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബിലെയും ഡോൾഫിൻ ക്ലബിലെയും നീന്തൽ വിദഗ്ദ്ധർ രണ്ടു പേരെ കരയ്ക്കെത്തിച്ചെങ്കിലും അഭിഷേകിനെ കണ്ടെത്താൻ വൈകി.

ബീച്ചിലുണ്ടായിരുന്ന ടാക്‌സി കാറിൽ ആദ്യം കിട്ടിയ രണ്ടുപേരെയും പിന്നീട് എത്തിയ പൊലീസ് വാഹനത്തിൽ അഭിഷേകിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു.
ഇന്നലെ രാവിലെ ആറിന് കതൃക്കടവിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ ആറു പേരാണ് കടലിൽ ഇറങ്ങിയത്. തങ്ങളുടെ അടുത്തുതന്നെ കടലിൽ ഇറങ്ങണമെന്നും അകലേക്ക് പോകരുതെന്നും അവരോട് പറഞ്ഞിരുന്നതായി വൈപ്പിൻ ബീച്ച് ക്ലബ് സെക്രട്ടറി ഷമ്മി ചക്രവർത്തി പറഞ്ഞു. എന്നാൽ സംഘം ഐ.ഒ.സി ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ വടക്കോട്ട് നീങ്ങി കടലിൽ ഇറങ്ങുകയായിരുന്നു.
ഐ.ടി.ഐ പാസായ അഭിഷേക് കടവന്ത്രയിലെ ഹീറോ സർവീസ് സെന്റിലാണ് ജോലി ചെയ്യുന്നത്. ജ്യേഷ്ഠൻ അഭിജിത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

കവിതയാണ് അഭിലേഷിന്റെ അമ്മ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സുരേന്ദ്രൻ പിള്ള വർഷങ്ങളായി കതൃക്കടവിൽ സ്ഥിരതാമസക്കാരനാണ്.

കതൃക്കടവിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന സുരേന്ദ്രൻ ഹോട്ടൽ പൂട്ടിയതിനെ തുടർന്ന് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
അഭിഷേകിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കതൃക്കടവിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കാരത്തിനായി കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി.