y

തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അടിമാലി കൂട്ടക്കല്ലിൽ വീട്ടിൽ കെ.കെ.ഷൺമുഖനെ (72) വാടകവീട്ടിൽ ഉപേക്ഷിച്ചു മുങ്ങിയ മകൻ ഇന്നലെയും എത്തിയില്ല. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഇയാൾ കർണാടകയിലാണെന്ന് ഹിൽപാലസ് പൊലീസ് പറഞ്ഞു. 14ന് തിരികെയെത്തുമ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്.

ഷൺമുഖനെ എരൂർ വടക്കേ വൈമീതിയിലെ വാടകവീട്ടിൽ തനിച്ചാക്കി വ്യാഴാഴ്ച വൈകിട്ടാണ് അജിത്ത് ഭാര്യയും രണ്ടുമക്കളുമൊപ്പം വീട്ടുസാമഗ്രികളെല്ലാം ലോറിയിൽ കയറ്റി സ്ഥലംവിട്ടത്. വാർഡ് മെമ്പർ കെ.കെ. പ്രദീപ്കുമാറിന്റെ മൊഴിയിൽ അജിത്തിനെതിരെ മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പക്ഷാഘാതം ബാധിച്ച ഷൺമുഖൻ ഇപ്പോൾ കോതമംഗലത്ത് അനുജന്റെ വീട്ടിൽ വിശ്രമിക്കുകയാണ്. രണ്ട് പെൺമക്കളും ഇവിടെയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ തൃശൂരിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും.