കൊച്ചി: പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്ന വെള്ളിയാഴ്ച പരേഡിനിടെ അസഭ്യം പറഞ്ഞ് വെട്ടിലായി ഹാർബർ എസ്.എച്ച്.ഒ. വനിതാ പൊലീസുകാരടക്കം അണിനിരന്ന പരേഡിലായിരുന്നു സംഭവം. ആഭ്യന്തര അന്വേഷണം തുടങ്ങി. 10ന് രാവിലെ 18 പേരാണ് പരേഡിന് ഉണ്ടായിരുന്നത്.

എറണാകുളം എ.സി.പിയുടെ വാഹനം കേടായത് നന്നാക്കിയതിന്റെ പണം തന്റെ കൈയിൽ നിന്നു കൊടുക്കേണ്ടി വന്നതിലടക്കമുള്ള അമർഷമാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്ന് അറിയുന്നു. അസഭ്യം പറയരുതെന്ന് കീഴുദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ഇൻസ്‌പെക്ടർ ആവർത്തിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറി. തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലംമാറി വന്ന എസ്.എച്ച്.ഒയ്‌ക്കെതിരെ മുമ്പും സമാന പരാതികൾ ഉയർന്നിട്ടുണ്ട്. രണ്ട് സംഭവങ്ങളിലായി വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഇന്ന് കമ്മിഷണർക്കുംം ഡി.സി.പിക്കും നിവേദനം നൽകും.