ഓഞ്ഞിപ്പുഴയുടെ പുന:രുദ്ധാരണ പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിലേക്ക്
ആലുവ: കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസായ ഓഞ്ഞിപ്പുഴയുടെ ഇരുകരകളിലുമുള്ള 64 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ കയ്യേറിയിട്ടില്ലെന്ന് നിലപാടെടുത്ത രണ്ട് സ്ഥലം ഉടമകളെയും നിജസ്ഥിതി ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെയാണ് രണ്ട് വർഷമായി തടസപ്പെട്ടിരുന്ന ഓഞ്ഞിപ്പുഴയുടെ പുന:രുദ്ധാരണ പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്.
ഓഞ്ഞിത്തോട് കൈയ്യറി കെട്ടിടം നിർമിച്ച രണ്ട് വ്യക്തികളെ യോഗത്തിലേക്കു പ്രത്യേകം ക്ഷണിച്ചിരുന്നു.
സ്ഥലം സ്വന്തമാണെന്ന് തെളിയിക്കാനായി ഇരുഉടമസ്ഥരും ആധാരവുമായി എത്തിയെങ്കിലും അതിലെ 177/1 എ എന്ന സർവേ നമ്പറിൽ വരുന്ന ഭൂമിയല്ല തീരത്തുള്ളതെന്ന് തെളിഞ്ഞു. സർവേ നമ്പർ 176/6 ബി പ്രകാരം ഒന്നര വർഷം മുമ്പ് കണ്ടെത്തിയ എലൂക്കര കയന്തിക്കര പാലത്തിനു തെക്കു കിഴക്ക് വശത്തെ ഭൂമി പൊതുസ്ഥലം തന്നെയാണ്.
സർവേ നമ്പർ 176/6 ബി യിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള അതിർത്തി കല്ലിൽ നിന്നും (നമ്പർ 15) 46.20 മീറ്റർ ദൂരത്തിൽ അതിർത്തി കല്ല് സ്ഥാപിച്ചാൽ നിലവിലുള്ള തടസം തീരും. ഓഞ്ഞിപ്പുഴ പുതിയ സർവേ പ്രകാരം 67 ഏക്കർ ഭൂമിയിലൂടെയാണ് ഒഴുകേണ്ടത്.
പറവൂർ തഹസിൽദാർ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ഓഞ്ഞിത്തോട് സംരക്ഷണ സമിതിയംഗങ്ങളായ ശ്രീമൻ നാരായണൻ, കെ.എസ്. പ്രകാശ്, മോഹനൻ പുന്നേലിൽ തുടങ്ങിയവർ പങ്കെടുത്തു.