മൂവാറ്രുപുഴ: പായിപ്രസ്കൂൾപടി- ത്രിവേണി റോഡിലെ കലുങ്ക് പാലം ഭാഗത്തെ കലുങ്ക് തകർന്നിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയായില്ലെന്ന് ആക്ഷേപം. തകർന്ന കലുങ്കിൽ ഇരുമ്പ് തകിട് വച്ച് അറ്റകുറ്റപ്പണി നടത്തി വാഹനം ഓടിക്കുന്നുവെന്നാണ് പരാതി.
ഭാരവണ്ടികൾ നിരന്തരമായി പോകുന്ന റോഡിൽ എപ്പോൾ വേണമെങ്കിലും വലിയ അപകടം സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്. ഇതിനകം നിരവധി ഇരുചക്രവാഹനയാത്രക്കാർക്ക് ഇരുമ്പ് തകിടിൽ കയറി മറിഞ്ഞ് പരിക്ക് പറ്രി. അപകടത്തിന്റെ പൊതുസ്ഥിതി നാട്ടുകാർ അധികൃതരെ ധരിപ്പിച്ചെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് മെമ്പറുടെ പരാതിയും പരിഗണിച്ചില്ലത്രെ.
സ്കൂൾപടി- ത്രിവേണി റോഡ് 4കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 2.5 കിലോമീറ്റർ പായിപ്ര പഞ്ചായത്തിലും 1.5 കിലോമീറ്രർ അശമന്നൂർ പഞ്ചായത്തിലുമാണ്. പായിപ്ര പഞ്ചായത്തിലെ 2.5കിലോമീറ്റർ റോഡ് കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതാണ്. പായിപ്ര പഞ്ചായത്തിലുൾപ്പെട്ട റോഡിന്റെ അവസാന ഭാഗമാണ് കലുങ്ക് പാലം. ഈ കലുങ്കാണ് തകർന്നത്. റോഡിന്റെ കലുങ്ക് തകർന്നിരിക്കുന്നതിനാൽ ഇതിലൂടെ ഭാരവണ്ടികൾ പോകരുതെന്ന് ബോർഡ് വച്ച് വാഹനങ്ങൾ തിരിച്ചുവിടുകയാണ് ഇത്തരത്തിൽ അപകടകരമായ സാഹചര്യത്തിൽ അധികൃതർചെയ്തുവരുന്നത്.
സ്ക്കൂൾപടി- ത്രിവേണി റോഡിന്റെ മൈക്രോ ഭാഗം കഴിഞ്ഞാൽ നിരവധി പ്ലൈവുഡ് കമ്പനികളും പശ കമ്പനികളും പ്രവർത്തിക്കുന്ന ഭാഗമാണ്. ഇവരുടെ ചരക്ക് ലോറികൾ എളുപ്പത്തിൽ വരാൻ കഴിയുന്ന റോഡാണിത്. ഇവരാണ് ഇരുമ്പ് തകിട് വച്ച് സൂത്രപണിനടത്തി വാഹനം ഓടിക്കുന്നത്. ഇത് വലിയ ദുരന്തത്തിനിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നു.
കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിലൂടെ നിശ്ചിത ടൺ ഭാരവണ്ടികളെ പോകാവുവെന്ന നിയമം നിലനിൽക്ക അധികൃതരുടെ മൗനാനുവാദത്തോടെ റോഡിന് താങ്ങാനാകാത്ത ഭാരം കയറ്റിയ ലോറികൾ പോയതിനാലാണ് കലുങ്ക് തകർന്നത്. ഇതുവഴി ഭാരവണ്ടി ഗതാഗതം നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
...................................
എത്രയും വേഗം തകർന്ന കലുങ്ക് പുനർനിർമ്മിക്കുന്നതിന് പഞ്ചായത്ത് തയ്യാറാകണം. അതുവരെ ഈ റോഡിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം നിരോധിക്കുവാൻ പഞ്ചായത്ത് അധികൃതർതയ്യാറാകണം. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുവാൻ തയ്യാറായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.
മനോജ് പള്ളിക്കാപറമ്പിൽ, പ്രദേശവാസി