manja

* വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു

കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്തഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വെള്ളത്തിന്റെയും ഐസിന്റെയും സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപ‌ടി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുടിവെള്ളം, ഐസ്, വഴിയോരക്കടകളിൽ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഫലം വന്നുകഴിഞ്ഞാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് അപാകതകൾ പരിഹരിക്കാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

വേങ്ങൂരിൽ 170ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗത്തെ അതിജീവിക്കാൻ ശരിയായ ഭക്ഷണരീതി ആവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറംതള്ളുന്നതിന് ദിവസം രണ്ടുലിറ്റർ ശുദ്ധമായ വെള്ളം കുടിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

മഞ്ഞപ്പിത്തം ബാധിച്ചാൽ ആശുപത്രിയിൽ ചികിത്സതേടണം

പച്ചമരുന്ന് ഉപയോഗം കുറയ്ക്കണം

പ്ലേറ്റ്, ഗ്ലാസ് എന്നിവ രോഗിക്ക് പ്രത്യേകം നൽകണം

രോഗിയും പരിചരിക്കുന്നവരും പുറത്തേക്ക് പോകരുത്

തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

പരിശോധന

ആകെ പരിശോധന: 57

ശേഖരിച്ച സാമ്പിൾ: 34

പിഴ ഈടാക്കിയത്: 4

അപാകതകൾ പരിഹരിക്കാനുള്ള നോട്ടീസ്: 27

പരിശോധനയ്ക്ക് അയച്ചവയുടെ ഫലംവന്നാൽ ഫൈൻ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടികളോ ഉണ്ടാകും. വൃത്തിയുള്ള അന്തരീക്ഷത്തിൽനിന്ന് മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

പി.കെ. ജോൺ വിജയകുമാർ

ജില്ല ഭക്ഷ്യസുരക്ഷാ കമ്മിഷണർ