ആലുവ: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നതിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഗുണ്ടാസംഘം തകർത്ത ആലുവയിലെ മഹിള കോൺഗ്രസ് നേതാവും മാദ്ധ്യമ പ്രവർത്തകയുമായ ജിഷ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സ്വന്തം വീട്ടിൽ പോലും രക്ഷയില്ലെന്ന സ്ഥിതിയാണെന്നും ഗുണ്ടകളെ പേടിച്ച് പൊലീസിൽ പരാതിപ്പെടാൻ ജനം ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൽ പരാതി നൽകിയതിന്റെ പേരിൽ മണിക്കൂറുകൾക്കകം രണ്ടാമതും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജിഷാ ബാബുവിന്റെ ബന്ധുക്കൾ രണ്ടാഴ്ച്ച മുമ്പ് നൽകിയ പരാതിയിലും ആലുവ പൊലീസ് ഫലപ്രദമായ നടപടിയെടുക്കാതിരുന്നതാണ് പ്രതികൾക്ക് സൗകര്യമായത്. നടപടിയെടുക്കുന്നതിൽ വീഴ്ച്ചവരുത്തിയ പൊലീസുകാർക്കെതിരെ ശിക്ഷാ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, വൈസ് പ്രസിഡന്റ് രമണൻ ചേലാക്കുന്ന്, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ, ലത്തീഫ് പൂഴിത്തറ, രാജു കുമ്പളാൻ, കെ.കെ. ജമാൽ, സി.പി. നാസർ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ ജിഷ ബാബുവിന്റെ വീട് സന്ദർശിച്ചു.
ആലുവയിൽ മാദ്ധ്യമ പ്രവർത്തക ജിഷാ ബാബുവിൻെറ വീടാക്രമിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ ആരോപിച്ചു.