ആലുവ: രക്താർബുദത്തിന്റെ വേദനയോട് പൊരുതി ഉമർ മിസ്ബാഹ് എയ്റനോട്ടിക്കൽ
എൻജിനിയറിംഗിൽ നേടിയ ഫസ്റ്റ് ക്ളാസിന് മിഴിവേറെയാണ്. രോഗത്തിന്റെ പിടിയിലായ ശേഷം തന്നെയാണ് ആലുവ ചാലയ്ക്കൽ അമ്പലപറമ്പ് കീഴ്ത്തോട്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെയും ബനാറസിന്റെയും മകൻ ഉമർ മിസ്ബാഹ് എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടുവിനും ഉന്നത വിജയം പൊരുതി നേടിയത്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിട്ടുമാറാത്ത പനിയെ തുടർന്നുള്ള പരിശോധനയിൽ രക്തത്തിൽ കാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചത്. ഒമ്പത് മാസത്തോളം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ തുടർച്ചയായ ചികിത്സ. രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016ൽ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠനം തുടർന്നു. 2017ൽ 9 എ പ്ലസോടെ പത്താം ക്ലാസിൽ 97 ശതമാനം മാർക്ക് നേടി വിജയിച്ചു. പ്ലസ് ടുവിന് മുടിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ഗ്രൂപ്പ് 80 ശതമാനം മാർക്കോടെ വിജയം നേടി. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയത് തിരുവനന്തപുരം പാച്ചല്ലൂർ എയ്സ് കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്നാണ്.
ഉമറിന്റെ നേട്ടങ്ങൾക്ക് ഇരട്ടിമധുരം
രക്താർബുദത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസവുമായി പഠനം തുടർന്നപ്പോഴും തിരുവനന്തപുരം കാൻസർ സെന്ററിലെ സ്ഥിരം പരിശോധനകൾക്കും ചികിത്സയ്ക്കും മുടക്കം വരുത്തിയിരുന്നില്ല. എല്ലാ മാസവും ആർ.സി.സിയിൽ പരിശോധനകൾ തുടർന്നു. ഇപ്പോഴും തുടരുകയാണ്. മജ്ജ മാറ്റിവയ്ക്കണമെന്ന് നേരത്തെ ഡോക്ടർമാർ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ മാറ്റം വന്നു. രോഗം ഭാവിയിൽ വരാതിരിക്കുന്നതിനുള്ള മരുന്നുകൾ തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നും ഉമർ പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരം ഐ.എസ്.ആർ.ഒയിൽ എയ്റോനോട്ടിക്കൽ എൻജിനിയറിംഗിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജ് അസോ. പ്രൊഫ. ഡോ. അഭിലാഷ് സൂര്യനിൽ നിന്ന് ഉമർ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സഹോദരി മൻസയുടെയും സഹോദരനായ ഉമർ മിൻസാബിന്റെയും പിന്തുണയും സഹായവും ഉമറിനുണ്ട്.
...........................................
അദ്ധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ഉൾപ്പെടെയുള്ളവരുടെ പിന്തുണയും പ്രാർത്ഥനയും ഒപ്പം ദൈവത്തിന്റെ അകമഴിഞ്ഞ അനുഗ്രഹവുമാണ് വിഷമങ്ങൾക്കിടിയിലുമുള്ള നേട്ടത്തിന് കാരണമായത്.
ഉമർ മിസ്ബാഹ്