പറവൂർ: കേരളത്തിലെ പൊതുജനാരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗം നിയന്ത്രിക്കുന്നത് മരുന്ന് കമ്പനികളാണ്. മഹാമാരിക്കാലത്ത് കോടിക്കണക്കിന് രൂപയുടെ കാലഹരണപ്പെട്ട മരുന്നുകൾ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന എ.ജിയുടെ കണ്ടെത്തൽ ഞെട്ടലുളവാക്കുന്നതാണ്. മഹാമാരികൾക്കും സാധാരണ പകർച്ചവ്യാധികൾക്കും പ്രത്യേകം ചികിത്സാ പ്രോട്ടോകോളുകൾ പൊതുജനാരോഗ്യബില്ലിൽ ഉൾപ്പെടുത്തണമെന്നും സതീശൻ പറഞ്ഞു. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. റെജു കരീം അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഡോ. കൊച്ചുറാണി വർഗീസ്, ഡോ. മൃദുൽ, ഡോ. ഫിലിപ്സൺ ഐപ്പ്, ഡോ. പി.എ. നൗഷാദ്, ഡോ. ബാബു കെ. നോബർട്ട്, ഡോ. കെ.എൽ. വിനീത എന്നിവർ സംസാരിച്ചു. ത്വക്‌രോഗങ്ങളിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയും ചികിത്സാപുരോഗതികളും എന്ന വിഷയത്തിൽ ഡോ. മാത്യു കുര്യൻ, ഡോ. മുഹമ്മദ് റഫീഖ് എന്നിവർ ക്ലാസെടുത്തു. മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള എൻ.കെ. ജയറാം അവാർഡ് നേടിയ ഡോ. എസ്. മണിലാലിന് പ്രതിപക്ഷനേതാവ് പുരസ്കാരം സമ്മാനിച്ചു.