waste-dupping
നായത്തോട് സൗത്ത് ജംഗ്ഷനിൽ രാസമാലിന്യങ്ങളടങ്ങിയ വേസ്റ്റടിച്ച് ഭൂമി നികത്തിയിരിക്കുന്നു

രാസമാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണം

അങ്കമാലി: നായത്തോട് സൗത്തിൽ നെടുമ്പാശേരി പൊലീസ് സ്റ്റേഷന് മൂക്കിന് താഴെ ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിൽ രാസമാലിന്യങ്ങളടങ്ങിയ അവശിഷ്ടങ്ങൾ ഇട്ട് ഭൂമി നികത്തുന്നുവെന്ന് ആക്ഷേപം. പ്ലൈവുഡ് കമ്പനിയിലെയും വിവിധ കമ്പനികളിലെയും രാസമാലിന്യങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് നികത്തുന്നത്. മഴ പെയ്താൽ തൊട്ടടുത്തുള്ള കുളത്തിലേക്കും പൊതുതോട്ടിലേക്കും ഒഴുകിയെത്തുമെന്നതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തും, നായത്തോടിന്റെ പ്രധാന ജലസ്രോതസായ പൊതുകുളത്തിനോട് ചേർന്ന ഇടത്തിലാണ് നികത്തുന്നത് . കുളത്തിൽ നിന്നാണ് സമീപ പ്രദേശത്തെ കിണറുകളിലേക്ക് നീരുറവയെത്തുന്നത്. ചുറ്റുവട്ടത്ത്ദുർഗന്ധം വമിക്കുന്നതിനാൽ കുറെ ദിവസമായി പ്രദേശ വാസികൾ മൂക്ക് പൊത്തിയാണ് ഈ വഴി കടന്നു പോകുന്നതത്രെ.

മണ്ണ് മാഫിയ സംഘങ്ങൾക്കെതിരെ നാട്ടുകാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് നഗരസഭയിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും ഭൂഉടമകൾക്ക് മാലിന്യം നീക്കം ചെയ്യണമെന്ന് കാട്ടി നോട്ടീസ് നൽകിയെങ്കിലും നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല.

മാലി​ന്യ പ്രശ്നം പരി​ഹരി​ക്കണമെന്ന് സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി വി. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.വൈ.ഏല്യാസ്, ജിജോ ഗർവ്വാസീസ് എന്നിവർ പങ്കെടുത്തു.

.........................................................

രാസമാലിന്യങ്ങളുൾപ്പടെയുള്ളവ എത്രയും വേഗം എടുത്ത് മാറ്റിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും.

സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് യോഗം