ജാഗ്രതപുലർത്തണമെന്ന് നഗരസഭ ആരോഗ്യവിഭാഗം
മൂവാറ്റുപുഴ: നാട്ടുകാരെ ആശങ്കയിലാക്കി മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ചുകീറിയ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ നായയെ അന്നുതന്നെ പിടികൂടി നഗരസഭാ വളപ്പിൽ ഇരുമ്പുകൂട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ നായ ചത്തതിനെത്തുടർന്ന് തൃശൂർ വെറ്റിനറി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9 ന് മൂവാറ്റുപുഴ നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് നായ ആക്രമണം നടത്തിയത്.
നായ ചത്തതോടെ പേവിഷബാധ സ്ഥിതികരിച്ച് മൂവാറ്റുപുഴ നഗരസഭയിലെ അഞ്ചോളം വാർഡുകളിലടക്കം നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിദ്യാർത്ഥികളടക്കം എട്ടോളം ആളുകളെയും ഒരു പശുവിനെയും ആടിനെയും നായ കടിഏറ്റിരുന്നു. ഇവർക്ക് അന്നുതന്നെ ചികിത്സയും നൽകിയിരുന്നു.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ തെരുവുനായ ആക്രമണമുണ്ടായ പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ഇന്നലെ വൈകിട്ട് നാലിന് അടിയന്തര നഗരസഭ കൗൺസിൽ യോഗം വിളിച്ചചേർത്ത് വിഷയം ചർച്ച ചെയ്തു. കടിയേറ്റ മുഴുവൻ പേർക്കും ഇതിനകം രണ്ട്‌ഡോസ് വാക്‌സിൻ ലഭ്യമാക്കി കഴിഞ്ഞു. നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും വീണ്ടും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കും. വളർത്തുനായ ആക്രമണം നടത്തിയ നാലു വാർഡുകളിലെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി ഷെൽട്ടറിൽ അടച്ചശേഷം 10 ദിവസം നിരീക്ഷണം നടത്താനും തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു. നഗരത്തിലെ മുഴുവൻ വളർത്ത് നായ്ക്കൾക്കും ലൈസൻസ് നിർബന്ധമാക്കും. ഇത് സമ്പന്ധിച്ച പരിശോധനയും നടപടിയും ഇന്ന് തന്നെ ആരംഭിക്കും.