കൊച്ചി​: ഉദയംപേരൂർ പഞ്ചായത്തി​ലെ കുടി​വെള്ള പ്രശ്നം മൂന്നു ദി​വസത്തി​നകം പരി​ഹരി​ക്കാൻ ജല അതോറി​റ്റി​ മൂവാറ്റുപുഴ പി​.എച്ച്. സർക്കി​ൾ സൂപ്രണ്ടിംഗ് എൻജി​നി​യർക്ക് മദ്ധ്യമേഖലാ ചീഫ് എൻജി​നി​യർ വി​.കെ. പ്രദീപ് ഉത്തരവ് നൽകി​. ജില്ലാ കളക്ടറുടെയും പൊലീസിന്റെയും സഹായം തേടാം. മൂന്നുദിവസത്തിനകം മുൻനിശ്ചയിച്ച പ്രകാരം കാഞ്ഞിരമറ്റം വാട്ടർ ടാങ്ക് നടത്തിപ്പ് ചുമതലയേറ്റെടുത്ത് ഫ്ളോ മീറ്ററുകളും വാൽവുകളും സ്ഥാപിച്ചില്ലെങ്കിൽ അച്ചടക്കനടപടി ഉണ്ടാകുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.

രൂക്ഷമായ കുടി​വെള്ളക്ഷാമത്തെ തുടർന്ന് പഞ്ചായത്തി​ലെ പ്രതി​പക്ഷ കൗൺ​സി​ലർമാർ അഞ്ച് ദി​വസമായി ചീഫ് എൻജി​നി​യറുടെ ഓഫീസി​ന് മുന്നി​ൽ ​ നടത്തി​ വന്ന കുത്തിയി​രി​പ്പ് സമരം ഇന്നലെ മുതൽ രാത്രി​യി​ലേക്കും ദീർഘി​പ്പി​ച്ചതി​ന് പി​ന്നാലെയാണ് ഉത്തരവ്.

ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റത്തുള്ള അതോറിറ്റിയുടെ ടാങ്കിൽ നിന്നാണ് ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്തുകളിലേക്ക് ജലം നൽകുന്നത്. സുഗമമായ ജലവിതരണം നടത്താൻ ആമ്പല്ലൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള എതിർപ്പു മൂലം വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനിയർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.

 ചർച്ചകൾ പലതും പാളി

എം.എൽ.എമാരായ കെ.ബാബുവിന്റെയും അനൂപ് ജേക്കബിന്റെയും സാന്നിദ്ധ്യത്തിൽ മാർച്ച് 11നും മദ്ധ്യമേഖലാ ചീഫ് എൻജിനിയറുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 18നും ചേർന്ന യോഗങ്ങളിൽ ഫ്ളോ മീറ്ററുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്നും വാട്ടർടാങ്കിന്റെ നടത്തിപ്പ് ജല അതോറിറ്റി ഏറ്റെടുക്കണമെന്നും നിർദേശിച്ചെങ്കിലും നടപ്പായില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നാല് ഉന്നതതല യോഗങ്ങളും ചേർന്നിരുന്നു.

രാത്രി സമരം തുടങ്ങി

ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തെ തുടർന്ന് ഏഴ് കോൺ​ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും ഇന്നലെ മുതൽ

എറണാകുളം ജലഭവനി​ലെ ചീഫ് എൻജി​നി​യർ ഓഫീസിന് മുന്നിൽ നടത്തി​വന്ന കുത്തി​യി​രുപ്പു സമരം രാത്രി​യി​ലേക്കും നീട്ടി​. തി​ങ്കളാഴ്ചയാണ് സമരം തുടങ്ങി​യത്. ശാശ്വത പരിഹാരമായില്ലെങ്കിൽ മറ്റ് സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രതി​പക്ഷ നേതാവ് എം.പി​. ഷൈമോൻ അറി​യി​ച്ചു. ആനി ആഗസ്ത്യൻ, സ്മിത രാജേഷ്, നിമിൽരാജ്, നിഷ ബാബു, ബിനുജോഷി, സ്വതന്ത്ര അംഗം എം.കെ അനിൽകുമാർ എന്നി​വരാണ് സമരം ചെയ്യുന്നത്.