കൊച്ചി: പ്രീ മൺസൂൺ മെയിന്റനൻസുകൾ നടപ്പാക്കാത്തതിനാൽ കാലവർഷത്തിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്ന് കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന ഭാരവാഹിയോഗം വിലയിരുത്തി.

ഹൈടെൻഷൻലൈൻ ക്രമീകരിക്കുന്ന എ.ബി സ്വിച്ചുകളുടെ പോലും കേടുപാടുകൾ പരിഹരിച്ചിട്ടില്ല. ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. കാലപ്പഴക്കം ചെന്ന വൈദ്യുതിലൈനുകൾ ഏതുസമയത്തും പൊട്ടിവീഴാൻ സാദ്ധ്യതയുണ്ട്. വിതരണ മേഖലയിൽ ലൈനുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിന് കരാർ നൽകാൻപോലും കെ.എസ്.ഇ.ബിയിൽ പണമില്ല. അടിയന്തര മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വരുന്ന കാലവർഷത്തിൽ കേരളം ഇരുട്ടിലാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ, വർക്കിംഗ് പ്രസിഡന്റ് വി.ആ‌ർ. അനിൽ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.പി. സജീവ്കുമാർ, പി.എസ്. മനോജ്കുമാർ, എസ്.കെ. സതീഷ്‌കുമാർ, എം. രാജേഷ് എന്നിവർ സംസാരിച്ചു.