നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് 24ന് ആരംഭിക്കും. ആദ്യവിമാനം 26ന് പുറപ്പെടും. തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ സിയാൽ അക്കാഡമിയിൽ പുരോഗമിക്കുന്നു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ഒരുലക്ഷം ചതുരശ്ര അടിയിലാണ് ക്യാമ്പ് ഒരുക്കുന്നത്. 4474 പേരാണ് ഇവിടെനിന്ന് ഹജ്ജിന് പുറപ്പെടുന്നത്. 1826 പേർ പുരുഷന്മാരും 2448 പേർ സ്ത്രീകളുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ചുപേരും കർണാടകയിൽ നിന്ന് രണ്ടുപേരും കൊച്ചി വഴിയാണ് യാത്രയാകുന്നത്.

സൗദി എയർലൈൻസ് 16 സർവീസുകളാണ് തീർത്ഥാടകർക്കായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ ഒമ്പതിനാണ് അവസാന വിമാനം.

സിയാൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി പ്രതിനിധികൾക്ക് പുറമെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സിയാൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.