കൊച്ചി : ആഗോള ബ്രാൻഡുകളുടെ നവീന സങ്കൽപ്പങ്ങൾ സമ്മാനിച്ച് വർണച്ചുവടുകളുമായി താരങ്ങൾ റാംപിലെത്തിയ ഫാഷൻ ഉത്സവത്തിന് ലുലുവിൽ കൊടിയിറങ്ങി. മുൻനിര മോഡലുകളും താരങ്ങളും അണിനിരന്ന ഷോയുടെ സമാപന ദിനത്തിൽ നടൻ ഇന്ദ്രൻസിനെ ആദരിച്ചു. മലയാള സിനിമയിൽ അഭിനയ, വസ്ത്രാലങ്കാര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആദരം ഇന്ദ്രൻസിന് സംവിധായകൻ ജിത്തു ജോസഫും ആസിഫ് അലിയും ചേർന്ന് സമ്മാനിച്ചു.
ഫാഷൻ വീക്കിന് വർണപ്പൊലിമ സമ്മാനിച്ച് അമല പോളും ആസിഫ് അലിയും റാംപിൽ ചുവടുവച്ചു. മദേഴ്‌സ് ഡേയിൽ നിറവയറുമായി അമല പോൾ റാംപിലെത്തിയത് പുതിയ അനുഭവമായി. ഷറഫുദീൻ, കൈലാഷ്, അജ്മൽ അമീർ, 2018 ലെ മിസ് ഇന്ത്യയും നടിയുമായ അനുക്രീതി വാസ്, നടിമാരായ മൃണ, റെയ്ച്ചൽ ഡേവിഡ്, ദീപ്തി സതി എന്നിവരും സമാപനദിനം റാംപിൽചുവടുവച്ചു. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, ഷാനി ഷകി, സാദിക വേണുഗോപാൽ, ഷിയാസ് കരീം, മരിയ വിൻസന്റ്, ശങ്കർ ഇന്ദുചൂടൻ, രാജേഷ് മാധവൻ, ചിത്രാ നായർ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ബാലതാരം ദേവനന്ദ തുടങ്ങി നിരവധി പ്രമുഖർ ലുലു ഫാഷൻ വീക്ക് എഡിഷന്റെ വിവിധ ദിവസങ്ങളിൽ റാംപിലെത്തി.