ആലുവ: ആലുവയിൽ മഹിള കോൺഗ്രസ് നേതാവ് തായിക്കാട്ടുകര കാട്ടുപ്പറമ്പിൽ ജിഷ ബാബുവിന്റെ വീട് തല്ലിത്തകർത്ത കേസിൽ നാല് പേരെ ആലുവ കോടതി റിമാൻഡ് ചെയ്തു. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് - 44), പൈപ്പുലൈൻ റോഡിൽ മാധവപുരം കോളനിക്കുസമീപം പീടികപ്പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പുലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനിയിൽ മെൽബിൻ (43) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
രാജേഷ്, ജ്യോതിഷ്, രഞ്ജിത്ത് എന്നിവർ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. കേസിലെ ഒന്നാംപ്രതി എസ്.എൻ പുരത്ത് വാടകയ്ക്ക് താമ
സിക്കുന്ന മാധവപുരം കോളനി സ്വദേശി രാഹുൽ ഒളിവിലാണ്.
ഞായറാഴ്ച വൈകിട്ട് മൂന്നരക്കും നാലരക്കുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രതികൾ വീട് ആക്രമിച്ച് തകർത്തത്. ഇരുനില വീടിന്റെ നാലുവശത്തെയും ജനൽ പാളികളും ഗ്ളാസുകളും തല്ലിയുടച്ചതിന് പുറമെ വീടിന്റെ മുൻ വാതിലും കുത്തിത്തുറന്ന് അകത്തുകടന്ന പ്രതികൾ 1.25 ലക്ഷം രൂപയും രണ്ട് മോതിരവും കവർന്നെന്നാണ് പരാതി. ഇതിന് പുറമെ നാല് ബൈക്കുകളും പൂച്ചെട്ടികളും നശിപ്പിച്ചിരുന്നു. പ്രതി രാജേഷിന് ജിഷയുടെ മകനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.