milan-sebastian
മിലൻ സെബാസ്റ്റ്യൻ

വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് അവശരായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് ചക്കാമ്മാഠം ലൈൻ മേട്ടേക്കാട്ടുവീട്ടിൽ ബോബന്റെ മകൻ മിലൻ സെബാസ്റ്റ്യൻ (20), ഗാന്ധിനഗർ ചെറുപുള്ളിപ്പറമ്പിൽ ആന്റണിയുടെ മകൻ ആൽവിൻ ജോർജ് ആന്റണി (20) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. കതൃക്കടവ് പത്തുമുറി വെള്ളേപ്പറമ്പിൽ സുരേന്ദ്രൻപിള്ള-കവിത ദമ്പതികളുടെ മകൻ അഭിഷേക് (21) സംഭവദിവസമായ ഞായറാഴ്ചതന്നെ മരണമടഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ആറുപേരിൽ മൂന്നുപേരാണ് തിരയിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ മൂവരേയും കരയ്ക്കെത്തിച്ചെങ്കിലും അഭിഷേക് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. മിലനും ആൽവിനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
മിലന്റെ സംസ്‌കാരം നടത്തി. കളമശേരി സെന്റ് പോൾസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർത്ഥിയാണ്. മാതാവ്: ലിൻസി. സഹോദരൻ: മിന്റു ആന്റണി. പിതാവ് പെട്ടിഓട്ടോ ഡ്രൈവറാണ്.
ആൽവിൻ ജോർജ് ആന്റണി പത്രവിതരണക്കാരനായിരുന്നു. സംസ്‌കാരം ഇന്നുരാവിലെ 10ന്. പിതാവ്: ആന്റണി. മാതാവ്: ലീന. സഹോദരൻ: അലൻ ആന്റണി.