കൊച്ചി: ലഹരിക്കേസിൽ കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന 26കാരിയായ ട്രാൻസ്‌വുമൺ ചികിത്സാനിഷേധം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. മൂന്നുവർഷമായി സിന്തറ്റിക് ഹോർമോൺ ചികിത്സ നടത്തുന്ന താൻ മരുന്നുകൾ ലഭിക്കാത്തതിനാൽ ആത്മഹത്യാ പ്രവണതയിലാണെന്ന് കൂനംതൈ സ്വദേശി അഹാനയുടെ ഹർജിയിൽ പറയുന്നു. മുൻകൂട്ടി നിശ്ചയിച്ച ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ മുടങ്ങുമെന്ന ആശങ്കയിൽ കടുത്ത മാനസികാഘാതത്തിലാണ്. ചികിത്സാനിഷേധത്തേക്കുറിച്ചുള്ള പരാതിയിൽ ജില്ലാ സെഷൻസ് കോടതി ജയിൽസൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയെങ്കിലും ഇനിയും സമർപ്പിച്ചിട്ടില്ല.
ലൈംഗികതൊഴിലാളിയായ തന്നെ കഴിഞ്ഞ നവംബർ 11ന് മുൻപരിചയമില്ലാത്ത ഒരാൾ വാഴക്കാലയിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അവിടെനിന്ന് 193ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലാണ് പ്രതിയാക്കിയത്. ലഹരിമരുന്നുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹർജിയിൽ പറയുന്നു. തന്റെ ചികിത്സയ്ക്ക് സ്പെഷ്യലിസ്റ്റ് എൻഡോക്രൈനോളജിസ്റ്റിനേയും സൈക്കാട്രിസ്റ്റിനേയും നിയോഗിക്കാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകണം. ചികിത്സ നിഷേധിച്ചതിന് 10ലക്ഷംരൂപ നഷ്ടപരിഹാരം നൽകണം. ട്രാൻസ്ജെൻഡറുകൾക്ക് ജയിലിൽ ചികിത്സ ഉറപ്പാക്കണമെന്ന കേന്ദ്രനിർദ്ദേശം ലംഘിച്ച ജയിൽ അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും അഹാന ഹർജിയിൽ പറയുന്നു.