കൊച്ചി: അകാലത്തിൽ പൊലിഞ്ഞ മഹാരാജാസ് കോളേജ് വിദ്യാർത്ഥി യഹിയെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നലെ ക്യാമ്പസ് അങ്കണത്തിൽ കണ്ണീർമഴയായി പെയ്തിറങ്ങി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന യഹിയ അനുസ്മരണയോഗമാണ് വികാരനിർഭരമായത്. ഉള്ളുരുകും വേദനയോടെ യഹിയയുടെ പിതാവ് മുഹമ്മദ് ഷാഫിയും മാതാവ് ആസിയയും സഹോദരങ്ങളും എത്തിയിരുന്നു. മികച്ച നേതൃപാടവമുള്ള വിദ്യാർത്ഥിയായിരുന്നുവെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ജോളി വാകയിൽ പറഞ്ഞു.

കോളേജ് സൂപ്രണ്ട് സാബു മുകുന്ദൻ, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു, എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, ജില്ലാ പ്രസിഡന്റ് പ്രജിത് കെ.ബാബു, സെക്രട്ടറി അർജുൻ ബാബു, രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ പരിജിത് മനോഹരൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു. യഹിയയുടെ ചിത്രത്തിനുമുന്നിൽ വിദ്യാർഥികൾ മെഴുകുതിരി കത്തിച്ചു.

കോളേജിലെ എം.എസ്‌എസി ഒന്നാംവർഷ വിദ്യാർത്ഥിയായ മുഹമ്മദ് യഹിയ കഴിഞ്ഞ ബുധനാഴ്ചയാണ് പീച്ചി റിസർവോയറിൽ മുങ്ങിമരിച്ചത്. യഹിയയുടെ സ്മരണയ്ക്കായി വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന കേന്ദ്രം സജ്ജമാക്കാൻ എസ്.എഫ്.ഐ എറണാകുളം ഏരിയ കമ്മിറ്റി തീരുമാനിച്ചു. മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ചാകും പ്രവർത്തനം.