കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനരീതി നടപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വീണ്ടും ആവശ്യപ്പെട്ടു. സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ റാഫേൽ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വത്തിക്കാൻ പാലസിലെ കൺസിസ്റ്ററി ഹാളിൽ ഇവരെ അഭിസംബോധന ചെയ്യവേയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
സഭയിൽ ഐക്യം നിലനിറുത്തുക എന്നത് കേവലമൊരു ഉപദേശമായി മാത്രം കണക്കാക്കാതെ എല്ലാവരുടെയും കടമയാണെന്ന് ഓർമ്മിപ്പിച്ചു.
ഇന്നലെ ഇറ്റാലിയൻ സമയം രാവിലെ 7.45ഓടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ മാർപാപ്പ സ്വീകരിച്ചു. ആർച്ച് ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ആൻഡ്രൂസ് താഴത്ത്, ജോസഫ് പെരുന്തോട്ടം,ജോസഫ് പാംപ്ലാനി, കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.