കൊച്ചി: വിദേശജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനമുടമകൾ അറസ്റ്റിൽ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിക്ഷിത് (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശി ഡെന്ന (26), കണ്ണൂർ മമ്പറം സ്വദേശി റിജുൻ (28) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തത്.

പാലാരിവട്ടം ചക്കരപ്പറമ്പ് ഭാഗത്ത് നടത്തിയിരുന്ന ഡ്രീമർ പാഷനേറ്റ്, ഫ്ളൈയിംഗ് ഫ്യൂച്ചർ എന്നീ വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾവഴിയായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. പോളണ്ട്, ന്യൂസിലൻഡ്, പോർച്ചുഗൽ, അർമേനിയ എന്നിവിടങ്ങളിലേക്ക് തൊഴിൽവിസ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ചില ഉദ്യോഗാർത്ഥികൾക്ക് വിസിറ്റിംഗ് വിസ നൽകും. വിദേശത്ത് എത്തുമ്പോൾ തൊഴിൽവിസയാക്കി മാറ്റിനൽകാമെന്നും പറയും. ന്യൂസിലൻഡിലേക്ക് വിസിറ്റിംഗ് വിസ നൽകി തിരുവനന്തപുരം സ്വദേശികളിൽനിന്ന് 14 ലക്ഷവും അർമേനിയയിലേക്ക് വിസിറ്റിംഗ് വിസ നൽകി കൊച്ചി സ്വദേശിയിൽനിന്ന് അഞ്ചുലക്ഷവും തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.