ആലുവ: ആലുവയുടെ സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ എം.എൻ. സത്യദേവന് ഇന്ന് 84 വയസ് തികയും. പറവൂർ ചേന്ദമംഗലമാണ് ജന്മദേശമെങ്കിലും പതിറ്റാണ്ടുകളായി ആലുവ തോട്ടക്കാട്ടുകരയിലാണ് താമസം. 1958ൽ ആലുവ നഗരസഭ ലൈബ്രറേറിയനായി ഔദ്യോഗിക ജീവിതമാരംഭിച്ച സത്യദേവൻ പിന്നീട് നാല് വർഷം ആലുവ നഗരസഭയുടെ കമ്മീഷണറായും പ്രവർത്തിച്ചു. തിരൂർ, ഗുരുവായൂർ, തലശേരി നഗരസഭകളിലും കമ്മീഷണറായിരുന്നു. കൊച്ചിൻ കോർപ്പറേഷന്റെ കമ്മീഷണറുമായിരുന്നു. 95ൽ ജി.സി.ഡി.എ സെക്രട്ടറിയായിരിക്കെയാണ് സർവീസിൽ നിന്നും വിരമിച്ചത്.
ആലുവ നഗരസഭ ലൈബ്രറി സജീവമായിരുന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് സ്ഥലമേറ്റെടുക്കാനും മുന്നിൽ പ്രവർത്തിച്ചു. ആലുവയിലെ റസിഡൻറ്‌സ് അസോസിയേഷൻ കൂട്ടായ്മയുടെയും ഭാരവാഹിയായിരുന്നു. ആലുവ നഗരസഭയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിന്ന പരിപാടികളോടെ ആഘോഷിച്ചത് സത്യദേവൻ ജനറൽ കൺവീനറായ സംഘാടക സമിതിയാണ്. ആലുവയുടെ ചരിത്ര പുസ്തകം തയ്യാറാക്കാനും മുൻനിരയിൽ നിന്നു. വലിയൊരു ഗ്രന്ഥശേഖരം സ്വന്തമായുണ്ട്. ഇന്നും ആലുവയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സജീവമാണ് സത്യദേവൻ.