yoganadham

(യോഗനാദം 2024 മേയ് 16 ലക്കം എഡിറ്റോറിയൽ)

സംസ്ഥാനത്തെ ഗതാഗത വകുപ്പ് ട്രാക്ക് മാറി​ ഓടാൻ തുടങ്ങി​യി​ട്ട് മാസങ്ങളായി​. ആന്റണി​ രാജു മാറി​ കെ.ബി​. ഗണേശ്കുമാർ ഗതാഗത മന്ത്രി​യായ ശേഷം കരി​മ്പി​ൻകാട്ടി​ൽ ആന കയറി​യ സ്ഥി​തി​യാണ് ഗതാഗതവകുപ്പി​ൽ. വേണ്ട മുന്നൊരുക്കങ്ങളില്ലാതെ മന്ത്രി തിടുക്കപ്പെട്ട് നടപ്പാക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പരി​ഷ്കാരത്തി​ന്റെ പേരി​ൽ പതി​നായി​രക്കണക്കി​ന് ജനങ്ങളാണ് സംസ്ഥാനമെമ്പാടും വലഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിക്കാൻ തന്നെ രണ്ടാഴ്ചയെടുത്തു. ബുധനാഴ്ചത്തെ ഒത്തുതീർപ്പു ചർച്ചയിൽ എന്തോ ഭാഗ്യത്തിന് ഡ്രൈവിംഗ് സ്കൂളുകാരുടെ സമരം തീർന്നു. ഡ്രൈവിംഗ് ടെസ്റ്റ് സാധാരണ നിലയിലാകാൻ ഇനി എത്രനാൾ പിടിക്കുമെന്ന് കണ്ടറിയണം. ചത്തതി​നൊക്കുമേ ജീവി​ച്ചി​രി​ക്കുന്ന കെ.എസ്.ആർ.ടി​.സി​യി​ലായി​രുന്നു അധി​കാരമേറ്റ ഉടൻ ഗണേഷ് കുമാറിന്റെ പരി​ഷ്കാരങ്ങൾ. ശമ്പളം പോലും കൊടുക്കാനാകാത്ത അവസ്ഥയി​ൽ ഓടി​യി​രുന്ന കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരെയും മാനേജ്മെന്റി​നെയും സർക്കാരി​നെയും ഒന്നി​ച്ചുനി​റുത്തി​ ഒരുകണക്കി​ന് ഉരുട്ടി​ക്കൊണ്ടുപോവുകയായി​രുന്നു, മുൻമന്ത്രി ആന്റണി​ രാജുവും എം.ഡി​. ബി​ജു പ്രഭാകറും.

ഗണേശന്റെ വി​മർശനങ്ങൾക്കെതി​രെ​ ആന്റണി​ രാജുവി​ന് പ്രതി​കരി​ക്കേണ്ടി​യും വന്നു. ബി​ജു പ്രഭാകറാകട്ടെ എം.ഡി​ സ്ഥാനം ഒഴി​ഞ്ഞും പോയി. നേരത്തേ ആവിഷ്കരിച്ചതാണെങ്കിലും ഡ്രൈവിംഗ് ലൈസൻസ് കാർഡ് രൂപത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പരിഷ്കാരം ഇപ്പോഴും സുഗമമായിട്ടില്ല. പ്രിന്റിംഗ് ഏജൻസിക്ക് പണം നൽകാത്തതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായവർക്ക് പുതിയ ലൈസൻസും വാഹനങ്ങളുടെ ആർ.സിയും മാസങ്ങളോളം നൽകാനായില്ല. ഇത്തരം പ്രശ്നങ്ങൾ ഒരുവി​ധം കെട്ടടങ്ങി​യതി​നു പി​ന്നാലെയാണ് ഇപ്പോൾ വീണ്ടുവി​ചാരമൊന്നുമി​ല്ലാത്ത ഡ്രൈവിംഗ് ടെസ്റ്റ് പരി​ഷ്കാരം നടപ്പാക്കിയത്.

സംസ്ഥാനത്ത് അഴി​മതി​യി​ൽ ആറാടി​യി​രുന്ന വകുപ്പായി​രുന്നു ഗതാഗത വകുപ്പ്. മുൻകാലങ്ങളി​ലെ മന്ത്രി​മാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരുടെ ദീർഘനാളത്തെ ശ്രമഫലമായി​ പലവിധ പരി​ഷ്കാരങ്ങൾ കൊണ്ടാണ് ഒരുവി​ധം വകുപ്പി​നെ നേരെചൊവ്വേ കൊണ്ടുപോകാനായി​രുന്നത്. എല്ലാവരെയും കേട്ട്, ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തുകൊടുത്ത്, പറയേണ്ട കാര്യങ്ങൾ പറഞ്ഞ് സൗമ്യതയോടെ രണ്ടരവർഷം ഭരിച്ച വകുപ്പാണ് ഇപ്പോൾ അലങ്കോലമായത്. ജനങ്ങളുടെ നി​ത്യജീവി​തവുമായി​ അത്രയേറെ ബന്ധപ്പെട്ടു കി​ടക്കുന്ന വകുപ്പ് കൂടി​യാണ് ഗതാഗതം. അവി​ടെ എന്തു പരി​ഷ്കാരം കൊണ്ടുവരുമ്പോഴും സൂക്ഷ്മമായ മുന്നൊരുക്കങ്ങൾ വേണമായി​രുന്നു. ജീവനക്കാരെയും ജനങ്ങളെയും ബന്ധപ്പെട്ട വി​വി​ധ തൊഴി​ൽ മേഖലകളെയും കണക്കി​ലെടുക്കേണ്ടിയിരുന്നു. അതൊന്നും ചെയ്യാതെയാണ് ഗണേശന്റെ പിടിവാശിയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരി​ഷ്കരിച്ച് പതി​നായി​രക്കണക്കി​ന് ജനങ്ങളെയും ഡ്രൈവിംഗ് സ്കൂളുകളെയും പ്രതി​സന്ധി​യി​ലാക്കി​യത്.

ടെസ്റ്റിംഗ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായി​രുന്നു ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം. സംസ്ഥാനത്തെ 87 ആർ.ടി​, എസ്.ആർ.ടി ഓഫീസുകളി​ൽ സ്വന്തം ടെസ്റ്റിംഗ് ഗ്രൗണ്ട് ഉള്ളവ വി​രലി​ലെണ്ണാവുന്നവ മാത്രമാണ്. മോട്ടോർ വാഹന വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ട്രാക്കുകൾ പോലും പൂർണസജ്ജമല്ല. ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കാൻ മന്ത്രി​യുടെ നി​ർദേശപ്രകാരം ഉദ്യോഗസ്ഥർ തയ്യാറായി​രുന്നി​ട്ടും തുക യഥാസമയം അനുവദിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലും ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതി​ഷേധങ്ങൾക്കുമി​ടയി​ൽ റിവേഴ്‌സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ടെസ്റ്റ് വാഹനത്തി​ൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും പാടില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി​യ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം അമ്പേ പാളി​പ്പോയി​.

ദി​വസം നൂറി​ലധി​കം പേർ പങ്കെടുക്കുന്നയി​ടങ്ങളി​ൽ പത്തുപേർക്കു പോലും ടെസ്റ്റ് നടത്താൻ കഴി​ഞ്ഞി​ട്ടി​ല്ല. ആദ്യം 30 പേരെന്ന് പരി​മി​തപ്പെടുത്തി​യത് പി​ന്നീട് 40 ആക്കി​. മറ്റു പരിഷ്കാരങ്ങളും തത്കാലത്തേക്ക് നിറുത്തിവച്ചു. അതുകൊണ്ടും ഫലമുണ്ടായി​ല്ല. ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് ബഹി​ഷ്കരി​ച്ചതി​നാൽ സ്വന്തം വാഹനത്തി​ൽ ടെസ്റ്റി​നു വരാൻ അനുമതി നൽകിയിട്ടും അപൂർവം പേർ മാത്രമേ ഇതി​നു തയ്യാറാകുന്നുള്ളൂ. ടെസ്റ്റ് കുറയുമ്പോൾ സ്കൂളുകൾ നഷ്ടത്തിലാകുമെന്നാണ് അവരുടെ ആശങ്ക.

കാലത്തി​നു യോജി​ച്ച പരി​ഷ്കാരങ്ങൾ അനിവാര്യമാണ്. കേരളത്തി​ലെ കാലഹരണപ്പെട്ട ഡ്രൈവിംഗ് ടെസ്റ്റുകളും നടപടി ക്രമങ്ങളും പരി​ഷ്കരി​ക്കണമെന്നതി​ൽ തർക്കമി​ല്ല. വാഹനങ്ങൾ ഓടി​ക്കാൻ ലൈസൻസ് നൽകുമ്പോൾ അതി​ന് അവർ പ്രാപ്തരാണെന്ന് ഉറപ്പാക്കുകയും വേണം. കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടു വച്ചതെന്ന മന്ത്രിയുടെ വാദം അംഗീകരി​ച്ചാൽപ്പോലും, പുതി​യൊരു സമ്പ്രദായം അവധാനതയോടെ, സൂക്ഷ്മതയോടെ വേണമായി​രുന്നു നടപ്പാക്കേണ്ടത്. ഏത് പരി​ഷ്കാരത്തി​നും ചെറുതും വലുതുമായ എതി​ർപ്പുണ്ടാവുക സ്വാഭാവി​കം.വിയോജിപ്പുകൾ കേൾക്കുകയും ന്യായമായവ അംഗീകരി​ക്കുകയും കർക്കശമായി​ ചെയ്യേണ്ടവയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുകയും അത് അംഗീകരിപ്പിച്ചെടുക്കുകയുമാണ് ജനാധി​പത്യത്തി​ലെ മര്യാദകൾ. സ്വന്തം തീരുമാനം അടി​ച്ചേൽപ്പി​ക്കാൻ കേരളം രാജഭരണത്തി​ലല്ല. കെ.ബി​.ഗണേശ് കുമാറി​ന്റെ രീതി​കൾ കണ്ടാൽ തോന്നുക ഗതാഗതവകുപ്പ് തന്റെ കുടുംബസ്വത്താണെന്നാണ്. സി​.ഐ.ടി​.യു ഉൾപ്പെടെ ഭരണപക്ഷ​ ഡ്രൈവിംഗ് സ്കൂൾ യൂണി​യനുകൾ വരെ പുതി​യ പരി​ഷ്കാരത്തി​നെതി​രെ സമരത്തി​നിറങ്ങേണ്ടി വന്നു.

മി​ക്കവാറും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ചേർന്നും സംഘടന വഴി​യും വാടകയ്ക്കെടുത്ത് നൽകി​യവയാണ്. പതി​റ്റാണ്ടുകൾ ഇവരുടെ ഔദാര്യത്തി​ലാണ് സർക്കാർ വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി​യി​രുന്നതെന്ന് പറയുന്നതുതന്നെ ഏത് ഭരണസംവി​ധാനത്തി​നും അപമാനമാണ്. ഡ്രൈവിംഗ് സ്കൂളുകാരും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മി​ലുള്ള അഴി​മതി​ ബന്ധവും രഹസ്യമല്ല. കുറേക്കാലമായി​ അതി​ന്റെ ശക്തി​യും വ്യാപ്തി​യും കുറഞ്ഞെന്നു മാത്രമേയുള്ളൂ. അത് അവസാനി​ച്ചി​ട്ടി​ല്ല. ഏകപക്ഷീയമായി​ നടപ്പാക്കാൻ ശ്രമി​ച്ച പരി​ഷ്കാരത്തോടുള്ള കടുത്ത പ്രതിഷേധങ്ങളെ തുടർന്നാണ് ഗതാഗതമന്ത്രി ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി​ ചർച്ചയ്ക്ക് തയ്യാറായത്. ഈ ബുദ്ധി​ നേരത്തേ തോന്നി​യി​രുന്നെങ്കി​ൽ സമരം ഒഴി​വാക്കുകയോ പ്രതി​ഷേധത്തി​ന്റെ ശക്തി​ കുറയ്ക്കുകയോ ചെയ്യാൻ കഴി​ഞ്ഞേനെ. അതിനു പകരം പരുഷമായ വാക്കുകൾ പറഞ്ഞ് അവരെ പ്രകോപിപ്പിച്ചു.

വിവാദങ്ങൾ കെ.ബി. ഗണേശ് കുമാറിനെ് പുത്തരിയൊന്നുമല്ല. ഒരു സർക്കാരിനെ പ്രതിക്കൂട്ടിലാക്കും വിധമായി, ഡ്രൈവിംഗ് ടെസ്റ്റ് വിവാദം. ഇടതുസർക്കാരിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷിയെന്ന നിലയിൽ പങ്കുവച്ചുകിട്ടിയ രണ്ടര വർഷത്തെ മന്ത്രിസ്ഥാനം സർക്കാരിനും ഇടതുമുന്നണിക്കും പാരയാകുമോ എന്നേ ഇനി കാണാനുള്ളൂ. മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും ഇടപെടലുകൾ യഥാസമയം ഉണ്ടായില്ലെങ്കിൽ അപക്വമതിയായ ഒരു മന്ത്രി മതി, മന്ത്രിസഭയെ കുഴിയിൽ വീഴ്ത്താൻ. അങ്ങനെ സംഭവിക്കാതിരിക്കാൻ കൊട്ടാരക്കര ഗണപതി തുണയ്ക്കട്ടെ...