ചോറ്റാനിക്കര: പരിമിതികളെ അതിജീവിച്ചും വെല്ലുവിളികളെ നേരിട്ടും സിവിൽ സർവീസ് പരീക്ഷയിൽ ആമ്പല്ലൂർ പഞ്ചായത്ത് മൂത്തേടത്ത് വീട്ടിൽ ഗോകുൽകൃഷ്ണയ്ക്ക് തിളക്കമാർന്ന വിജയം. 2020ൽ ആദ്യതവണ പ്രിലിമിനറിപോലും കടക്കാനായില്ലെങ്കിലും നിരാശനായില്ല. അടുത്തവർഷം ഇന്റർവ്യൂ വരെ എത്തി. നാലാമൂഴത്തിൽ 895-ാം റാങ്കോടെ വിജയം. എന്നാൽ, ഇതിലേക്ക് എത്തുംമുമ്പ് അപകടം തകർത്ത ഒരു ജീവിതം ഗോകുലിന് ഉണ്ടായിരുന്നു.
ജീവിതം മാറ്റിമറിച്ച അപകടം
എൽ.ഐ.സിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഉണ്ണിക്കൃഷ്ണന്റെയും കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായ രാധികഅമ്മയുടേയും മകനാണ് ഈ 27കാരൻ. സഹോദരൻ ഗൗതം. 2018ലാണ് ഗോകുൽകൃഷ്ണയുടെ ജീവിതത്തിൽ കരിനിഴൽവീഴ്ത്തിയ അപകടമുണ്ടാകുന്നത് . പുത്തൻകുരിശ് മുത്തൂറ്റ് എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർത്ഥിയായിരിക്കെ ബൈക്കിൽ കോളേജിലേക്ക് പോകുംവഴി ബൈക്കിനുപിന്നിൽ ലോറിഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടതുകൈയിലെ ഞരമ്പുകൾക്ക് സാരമായി പരിക്കേറ്റ ഗോകുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈയുടെ ചലനശേഷി പൂർണമായി നഷ്ടപ്പെട്ടു. മാനസികമായി തളർന്നെങ്കിലും വീട്ടുകാരും നാട്ടുകാരും ധൈര്യം പകർന്നു. എൻജിനീയറിംഗ് കോളേജ് സഹപാഠിയായ എൽസ മനോജ് ഒപ്പം നിന്നു. കഴിഞ്ഞവർഷം മേയിൽ ഇരുവരും രജിസ്റ്റർ വിവാഹത്തിലൂടെ ജീവിതത്തിൽ ഒന്നായി. മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിൽ സിവിൽ എൻജിനീയറാണ് എൽസ.
അപകടശേഷം പരീക്ഷയൊക്കെക്കഴിഞ്ഞപ്പോൾ ബംഗളൂരുവിൽ പുതിയ ജിം തുടങ്ങിയാലോ എന്ന ആശയം ഗോകുലിന്റെ മനസിലുദിച്ചു. സ്കൂൾ പഠനകാലത്ത് ജിംനേഷ്യത്തിലെ തന്റെ പരിശീലകനും സുഹൃത്തുമായ അനിലിനോട് ഇതേപ്പറ്റി ചോദിച്ചു. മികച്ച അക്കാഡമിക് നിലവാരമുള്ള നിനക്ക് സിവിൽ സർവീസിന് പഠിച്ചുകൂടേ എന്ന അനിലിന്റെ ചോദ്യമാണ് ഗോകുലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് അതിനായുള്ള പ്രയത്നം. 2018 മുതൽ 2020 തുടക്കം വരെ ഡൽഹിയിലായിരുന്നു പഠനം. കൃത്യമായ പരിശീലനവും ക്ലാസിക് ഐ.എ.എസ് അക്കാഡമിയിൽ നടത്തിയ ടെസ്റ്റ് സീരീസും തുണയായി. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസായിരുന്നു ഐച്ഛികവിഷയം. തിരുവനന്തപുരത്തുള്ള നിധിൻ എന്ന അദ്ധ്യാപകന്റെ പരിശീലന കോഴ്സുകളും പരീക്ഷ എളുപ്പമാക്കി.
ചിട്ടയായ ജീവിതവും വായനയും പഠനവും പരിശീലനവും ഒന്നിച്ചുകൊണ്ടുപോവണം. ആനുകാലികസംഭവങ്ങൾ നിരീക്ഷിച്ച് വിലയിരുത്തണം.
ഗോകുൽകൃഷ്ണ
മിസ്റ്റർ ഇന്ത്യ
2015ൽ മിസ്റ്റർ കോട്ടയം, 2016ൽ മിസ്റ്റർ എറണാകുളം
2016-2017ൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന മത്സരത്തിൽ മിസ്റ്റർ ഇന്ത്യ എന്നീ നേട്ടങ്ങളും സ്വന്തമാക്കി. ഖോഖോ താരവുമായിരുന്നു.
അക്കാഡമിക് മികവ്
2012ൽ പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ളസ്
2014ൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ളസ്ടുവിന് ഫുൾ എ പ്ളസ്
2018ൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ 70% മാർക്കോടെ വിജയം