മൂവാറ്റുപുഴ: മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാഹചര്യം ഒഴിവാക്കാൻ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ഇതിന്റെ ഭാഗമായി വീടും പരിസരവും തൊഴിലിടങ്ങളും പൊതു സ്ഥലങ്ങളും അടക്കമുള്ളിടത്ത് കൊതുക്, ഈച്ച, എലി എന്നിവ വളരാനുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിൽ മാലിന്യം നീക്കം ചെയ്‌ത് ശുചിത്വം ഉറപ്പുവരുത്തണം. ഇതിനായി വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. ചപ്പ് ചവറുകൾ തരം തിരിച്ച് സംസ്‌കരിക്കണം. വീടിനു പുറത്തുള്ള ടയറുകൾ, കളിപ്പാട്ടങ്ങൾ, പൊട്ടിയ പാത്രങ്ങൾ, ചിരട്ട, ഐസ്ക്രീം കപ്പുകൾ തുടങ്ങിയ ഉപേക്ഷിക്കപ്പെട്ട വസ്‌തുക്കളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം. ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവു. കിണറുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. വീടും പരിസരവും നിരീക്ഷിച്ച് സൺഷേഡുകളിലും ടെറസിലും മഴവെള്ളം കെട്ടികിടന്ന് കൂത്താടി വളരുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഫ്രിഡ്‌ജിന്റെ ട്രേ, ചെടിച്ചട്ടികളുടെ ട്രേ തുടങ്ങിയവ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. വിവാഹ സത്കാരങ്ങൾ പോലുള്ള സന്ദർഭങ്ങളിൽ വിതരണം ചെയ്യുന്ന ശീതള പാനീയങ്ങൾ, കുടിവെള്ളം മുതലായവ ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. വ്യക്തി ശുചിത്വം പാലിക്കുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണം. രോഗാരംഭത്തിൽ തന്നെ വിദഗ്ധ ചികിത്സ തേടണം. മണ്ണിലും വെള്ളകെട്ടിലും പണിയെടുക്കുന്നവർ എലിപ്പനിക്ക് എതിരായ പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണം. കൈ കാലുകളിൽ മുറിവുകൾ ഉള്ളവർ കൃഷിയിടങ്ങളിലോ വെള്ളകെട്ടുകളിലോ അഴുക്ക് ചാലുകളിലോ പണിക്കിറങ്ങുമ്പോൾ മുറുവുകളിൽ മലിന ജലമോ അഴുക്കോ പുരളാതെ സൂക്ഷിക്കണം. ഭക്ഷണ സാധനങ്ങളും പാനീയങ്ങളും തുറന്നു വയ്ക്കുകയോ തുറസായ സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യരുത്. ഹോട്ടലുകളിലും കൂൾബാറുകളിലും ജീതളപാനിയങ്ങൾ, കൂടിവെള്ളം എന്നിവയുടെ ശുദ്ധത ഉറപ്പ് വരുത്തണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി.