പറവൂർ: ദേശീയപാത 66ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. പറവൂർ പാലത്തിന് സമാന്തരമായി പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന് ഉയരക്കുറവും പുഴയുടെ വീതി കുറച്ചുമാണ് നിർമ്മാണം. മറ്റ് പാലങ്ങൾക്കും ഇതേ പ്രശ്നങ്ങളുണ്ട്. കുടിവെള്ള പൈപ്പുകൾ, വൈദ്യുതി ലൈനുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നതിലും കാനകളുടെ നിർമ്മാണത്തിലും അശാസ്ത്രീതയുണ്ട്. ഇതിനാൽ വൈദ്യുതി തടസം, കുടിവെള്ള ക്ഷാമം, വെള്ളക്കെട്ട് എന്നിവയുണ്ടാകുന്നു. ദേശീയപാത അതോറിട്ടിയുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉയരക്കുറവ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പാലം നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.