കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ പ്രതികളായ പി.ആർ. അരവിന്ദാക്ഷൻ, പി.സതീഷ്‌കുമാർ, സികെ. ജിൽസ് എന്നിവരുടെ ജാമ്യഹർജിയെ ഹൈക്കോടതിയിൽ എതിർത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികൾക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്നും ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും അഡി. സോളിസിറ്റർ ജനറൽ ലക്ഷ്മൺ സുന്ദരേശൻ വാദിച്ചു. പ്രതിഭാഗത്തിന്റെ മറുപടിക്കായി ജസ്റ്റിസ് സി.എസ്. ഡയസ് കേസ് 29ലേക്ക് മാറ്റി.
ഇടനിലക്കാരനായ സതീഷ്‌കുമാർ മുഖ്യപ്രതി പി.പി. കിരൺ മുഖേന അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും തിരിമറി ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വാദം. ഇതിൽ 14 കോടിയോളം കൂട്ടുപ്രതികൾക്ക് കൈമാറി. നിയമപരമല്ലെന്ന അറിവോടെയാണ് മറ്റു പ്രതികൾ അത് ഉപയോഗിച്ചത്. ഇത് കള്ളപ്പണമല്ലെന്നു സ്ഥാപിക്കാനും വിവരങ്ങൾ മറച്ചുവയ്ക്കാനും ശ്രമങ്ങളുണ്ടായി. ഇത്തരം നടപടികൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരം കുറ്റകരമാണെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി.
കൂട്ടുപ്രതികളുടെ മൊഴി കണക്കിലെടുത്തുള്ള ഇ.ഡിയുടെ കണ്ടെത്തൽ അംഗീകരിക്കാനാകില്ലെന്ന് പ്രതികൾ നിലപാടെടുത്തു. ഈ മൊഴികൾ എങ്ങനെ തെളിയിക്കുമെന്ന് കോടതി ചോദിച്ചു. ബാങ്ക് അക്കൗണ്ട് രേഖകൾ, വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ, പ്രതികളുമായി ബന്ധമുള്ള ദേവി ഫിനാൻസിന്റെ ബാലൻസ് ഷീറ്റ്, ആദായനികുതി റിട്ടേൺ എന്നിവയെല്ലാം തെളിവാണെന്ന് ഇ.ഡിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും വാദിച്ചു.
കണ്ടല കേസ്
കണ്ടല സഹകരണബാങ്ക് തട്ടിപ്പുകേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗൻ, മകൻ ജെ.ബി. അഖിൽജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി 29ലേക്ക് മാറ്റി. ഇരുവരും ഇ.ഡി. കേസിൽ ജയിലിലാണ്.