
ആലുവ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിലെ അശാസ്ത്രീയതക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം രണ്ടാഴ്ച പിന്നിടുന്നതിനിടെ ആലുവയിൽ ഇന്നലെ ടെസ്റ്റ് പുനരാരംഭിച്ചു. മൂന്നു പേർ ടെസ്റ്റിന് ഹാജരാകുകയും രണ്ടുപേർ വിജയിക്കുകയും ചെയ്തു. തുടർ ദിവസങ്ങളിലും ടെസ്റ്റ് മുടക്കം കൂടാതെ നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ജില്ലയിലെ മറ്റടങ്ങളിലൊന്നും ഇന്നലെ ടെസ്റ്റ് നടന്നില്ല.
പ്രതിദിനം 80-100 ടെസ്റ്റ് നടന്നിരുന്നു
ജില്ലയിൽ ഏറ്റവും അധികം ഡ്രൈവിംഗ് ടെസ്റ്റ് നടന്നിരുന്ന സ്ഥലങ്ങളിലൊന്നാണ് ആലുവ. തോട്ടക്കാട്ടുകരയിലെ സെന്ററിൽ ദിവസേന 80 മുതൽ 100 വരെ ആളുകൾക്ക് ടെസ്റ്റ് നടക്കുമായിരുന്നു. സർക്കാരിന്റെ പുതിയ പരിഷ്കാരത്തോടെ ദിവസേന ടെസ്റ്റ് നടത്താവുന്നവരുടെ എണ്ണം 40 ആയി കുറച്ചു.
മേഖലയിൽ 28 ഓളം ഡ്രൈവിംഗ് സ്കൂളുകൾ
ആലുവ മേഖലയിലെ 28 ഓളം ഡ്രൈംവിംഗ് സ്കൂളുകളാണുള്ളത്. കൂടുതൽ പേരും സി.ഐ.ടി.യു അംഗങ്ങളാണ്. സി.ഐ.ടി.യു സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ഇതുവരെ ടെസ്റ്റുകളൊന്നും നടന്നിരുന്നില്ല. അശാസ്ത്രീയ പരിഷ്കാരത്തിനെതിരെയാണ് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മേയ് രണ്ട് മുതൽ സമരം ആരംഭിച്ചത്.
അപേക്ഷകർ ഹാജരാകുന്ന പക്ഷം ബുധൻ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ടെസ്റ്റ് നടക്കും
അധികൃതർ
ഗതാഗത വകുപ്പ്