പ്രശ്നത്തിന് കാരണം ആമ്പല്ലൂർ പഞ്ചായത്തെന്ന് ജല അതോറിറ്റി
കൊച്ചി: ഉദയംപേരൂർ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കാത്തതിന് കാരണം ആമ്പല്ലൂർ പഞ്ചായത്താണെന്ന് ജല അതോറിറ്റി പി.എച്ച്. സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ കെ.എസ്. പ്രവീൺ ജില്ലാ കളക്ടർക്ക് കത്ത് നൽകി. കാഞ്ഞിരമറ്റം ടാങ്കിൽ ഫ്ളോമീറ്റർ ഘടിപ്പിക്കാൻ പഞ്ചായത്ത് അനുവദിക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നും കത്തിലുണ്ട്.
കാഞ്ഞിരമറ്റം ടാങ്കിൽ ഫ്ളോമീറ്റർ ഘടിപ്പിക്കാൻ പഞ്ചായത്ത് അനുവദിക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നും കത്തിലുണ്ട്.
അതേസമയം മീറ്റർ ഘടിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി മൂവാറ്റുപുഴ പി.എച്ച്. ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ എ.പി. പ്രസാദ് ആലുവ റൂറൽ എസ്.പിക്കും കത്തു നൽകി. പൊലീസ് സംരക്ഷണം കിട്ടുന്ന മുറയ്ക്ക് ആമ്പല്ലൂർ പഞ്ചായത്തിലേക്കുള്ള പൈപ്പിൽ ഫ്ളോ മീറ്റർ ഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരമറ്റം ടാങ്കിൽ നിന്നാണ് രണ്ട് പഞ്ചായത്തുകളിലേക്കും ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം നൽകുന്നത്. ഉദയംപേരൂർ പഞ്ചായത്തിലേക്കുള്ള പൈപ്പിൽ മാത്രമേ ഫ്ളോമീറ്റർ ഘടിപ്പിച്ചിട്ടുള്ളൂ. ആമ്പല്ലൂരിലേക്ക് എത്ര വെള്ളം നൽകിയെന്ന് കണക്കെടുക്കാനാവില്ല. മീറ്റർ സ്ഥാപിച്ചാൽ വിതരണത്തിൽ ഒരു കുറവും ഉണ്ടാവുകയുമില്ല. പലവട്ടം മീറ്റർ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ആമ്പല്ലൂർ പഞ്ചായത്ത് അംഗങ്ങൾ എതിർക്കുകയാണ്. പൊലീസ് സമവായത്തിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിതരണക്കണക്ക് കൃത്യമായി ലഭിച്ചാലേ പ്രശ്നം പരിഹരിക്കാനാവൂവെന്നും സൂപ്രണ്ടിംഗ് എൻജിനിയറുടെ കത്തിൽ പറയുന്നു
കുടിവെള്ള പ്രശ്നം തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ ജില്ലാ കളക്ടറുടെയും പൊലീസിന്റെയും സഹായം തേടണമെന്നും ആവശ്യപ്പെട്ട് അതോറിറ്റി മദ്ധ്യമേഖലാ ചീഫ് എൻജിനിയർ വി. കെ. പ്രദീപ് നിർദേശിച്ചതിനെ തുടർന്നാണ് നടപടി.
സമരപ്പന്തലിൽ സംഘർഷം
കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി ഉദയംപേരൂർ പഞ്ചായത്ത് അംഗങ്ങൾ എറണാകുളത്തെ ചീഫ് എൻജിനിയർ ഓഫീസിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരവേദിക്ക് മുന്നിൽ ഇന്നലെ സംഘർഷമുണ്ടായി. ഉദയംപേരൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി മുദ്രാവാക്യം വിളിച്ച് എത്തിയത് പൊലീസ് തടഞ്ഞതാണ് പ്രശ്നമായത്. ഉന്തും തള്ളുമുണ്ടായി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
മണ്ഡലം പ്രസിഡന്റ് അഖിൽ രാജ്, ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പറയന്താനത്ത്, വൈസ് പ്രസിഡന്റ് സാജു പൊങ്ങലായിൽ, ജില്ലാ സെക്രട്ടറി അമിത് ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്നലെ സമരക്കാരെ സന്ദർശിച്ചു.
പഞ്ചായത്ത് കമ്മിറ്റിയിൽ
ഇറങ്ങിപ്പോക്ക്
തൃപ്പൂണിത്തുറ: ഇന്നലെ ചേർന്ന ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ശ്രമിക്കാത്ത ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എം.പി. ഷൈമോൻ, സോമിനി സണ്ണി, സ്മിത രാജേഷ്, നിമിൽ രാജ് എന്നിവർ ഇറങ്ങി പോയത്. മറ്റുള്ളവർ എറണാകുളത്തെ സമരവേദിയിലായിരുന്നു.
ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കമ്മിറ്റി അജണ്ടയിലുള്ളപ്പോൾ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പ്രതിപക്ഷത്തിന്റെ ആത്മാർത്ഥതയില്ലാത്ത നിലപാട് പരിഹാസ്യമാണെന്ന് പ്രസിഡന്റ് സജിത മുരളി പറഞ്ഞു.