പറവൂർ: പറവൂർ നഗരസഭയുടെ വാഹനങ്ങൾ നശിപ്പിച്ചവരെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ചെയർപേഴ്സൺ ബീന ശശിധരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുനമ്പം ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭയുടെ മാലിന്യങ്ങൾ നീക്കുന്ന രണ്ട് വാഹനങ്ങളാണ് എൻജിനിലും ഡീസൽ ടാങ്കിലും കല്ലും മണ്ണും നിറച്ച് നശിപ്പിച്ചത്. ഇതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായി. രണ്ട് ചെറിയ വാഹനങ്ങൾ വാടകയ്ക്കെടുത്താണ് നിലവിൽ മാലിന്യം നീക്കം ചെയ്യുന്നത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം കുടുതൽ ശക്തമാക്കി കുറ്റവാളികളെ കണ്ടെത്താമെന്ന പൊലീസിന്റെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, അനു വട്ടത്തറ, വനജ ശശികുമാർ, കൗൺസിലർ ഡി. രാജ്കുമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.