മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി നിയമനം നടത്തിയതിൽ ക്രമക്കേടെന്ന് ആക്ഷേപം. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ഇന്റർവ്യൂ ബോർഡിൽ പഞ്ചായത്ത് സെക്രട്ടറി, ശിശു വികസന ഓഫീസർ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധി ഒഴിച്ച് ബാക്കിയെല്ലാവരും പഞ്ചായത്ത് ഭരണസമിതി നിശ്ചയിച്ച ആളുകളായിരുന്നുവെന്നാണ് ആരോപണം. ഭരണസമിതി ഏകപക്ഷീയമായി ഇന്റർവ്യൂ ബോർഡിൽ അംഗങ്ങളെ നിശ്ചയിച്ചതിൽ പ്രതിപക്ഷ അംഗങ്ങൾ ആ ഘട്ടത്തിൽത്തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്റർവ്യൂ ബോർഡ് അഭിമുഖം നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇതിൽനിന്ന് മൂന്നുപേരെ നിയമിക്കുകയും ചെയ്തു.
ഒന്നാമത്തെ ഒഴിവ് പട്ടികജാതി സംവരണവും രണ്ടാമത്തേത് ഒ.ബി.സിയും മൂന്നാമത്തേത് ജനറൽ വിഭാഗത്തിനുമായിരുന്നു. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ വ്യക്തി പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥിയായിട്ടാണ് നിയമനം നടത്തിയിരിക്കുന്നതെന്നും തെറ്റായ രേഖകൾ സമർപ്പിച്ച് സംവരണ ഒഴിവിൽ നിയമനം നടത്തിയെന്നുമാണ് പരാതി. നിയമനം ലഭിച്ചവരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും കോൺഗ്രസ് പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. മൂന്ന് വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
സമരവുമായി പ്രതിപക്ഷം
സംവരണചട്ടം അട്ടിമറിച്ചുള്ള ബന്ധുനിയമനത്തിനെതിരെ സമരവുമായി പ്രതിപക്ഷം രംഗത്ത്. പ്രസിഡന്റ് രാജിവയ്ക്കണമെന്നും യു.ഡി.എഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ പറഞ്ഞു. പഞ്ചായത്തിനുമുന്നിൽ എൽ.ഡി.എഫ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് കൺവീനർ ടോമി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ഡി. രമേശൻ, പ്രതിപക്ഷ നേതാവ് ലിജോ ജോർജ്, കെ.എ. ജോഷി, അരുൺ പോട്ടയിൽ, ലതിക അനിൽ എന്നിവർ സംസാരിച്ചു.
നിയമനം നടത്തുന്നത് സാമൂഹിക ക്ഷേമവകുപ്പാണ്. 9 പേരാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത്. പങ്കെടുത്ത എല്ലാവർക്കും പത്തിൽ 10 മാർക്കും നൽകി. നിയമനം ലഭിച്ചിട്ടുള്ള വ്യക്തി തന്റെ ബന്ധുവല്ല.
മറിയാമ്മ ബെന്നി,
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്