palam
ആലുവ മംഗലപ്പുഴ പാലം

ആലുവ: ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തൽ ജോലികൾ മെയ് 17 മുതൽ ആരംഭിക്കും. 20 ദിവസത്തിനകം ജോലികൾ പൂർത്തീകരിക്കാൻ ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.

64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ഇത്തരത്തിൽ ബലപ്പെടുത്തുന്നത്. രാവിലെയും വൈകിട്ടും പാലത്തിൽ കൂടുതൽ പൊലീസുകാരുടെ സേവനം ഉറപ്പാക്കും. പൊലീസ് സേനയുടെ അംഗബലക്കുറവ് പരിഗണിച്ച് കരാറുകാർ സ്വകാര്യ സെക്യൂരിറ്റിയുടെ സഹായം തേടും. നേരത്തെ ആലുവ മാർക്കറ്റ് മേൽപ്പാലത്തിന്റെയും മാർത്താണ്ഡ വർമ്മ പാലത്തിന്റെയും ബലപ്പെടുത്തൽ നടന്നിരുന്നെങ്കിലും ഗതാഗതത്തെ ബാധിച്ചിരുന്നില്ല. എന്നാൽ മംഗലപ്പുഴ പാലം ബലപ്പെടുത്തൽ ഒറ്റവരി ഗതാഗതമാക്കി നടത്തുമ്പോൾ ഗതാഗതകുരുക്ക് രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്.

മഴക്കാലം ആരംഭിച്ചാൽ കൂടുതൽ പ്രതിസന്ധിയിലാകുമെന്നതിനാലാണ് വെള്ളിയാഴ്ച്ച മുതൽ അറ്റകുറ്റപ്പണിക്ക് തീരുമാനമായത്. ജില്ലാ പൊലീസ് മേധാവി ഡോ. ഭൈവവ് സക്സേന അവധിയെടുക്കുന്നതിനാലാണ് ഇന്നലെ തന്നെ യോഗം വിളിച്ചത്. ദേശീയപാത അധികൃതരും ട്രാഫിക്ക്-പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ആലുവ ഭാഗത്തേക്ക് വരുന്ന ചരക്കുലോറികൾ അങ്കമാലിയിൽ നിന്നും കാലടി, പെരുമ്പാവൂർ വഴി തിരിച്ചുവിടാനാണ് തീരുമാനം. സർവീസ് ബസുകൾക്കും മറ്റ് ചെറിയ വാഹനങ്ങൾക്കുമായി പാലത്തിൽ ഒറ്റവരി ഗതാഗതം അനുവദിക്കും.