dog
മൂവാറ്റുപുഴയിൽ പിടികൂടിയ തെരുവ് നായ്ക്കൾ ആധുനിക മത്സ്യ മാർക്കറ്റിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ

മൂവാറ്റുപുഴ: നഗരത്തിൽ ഒമ്പത് പേരെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭ പരിധിയിൽ ഇന്നലെ ആരംഭിച്ച തെരുവുനായ്ക്കൾക്കുള്ള വാക്‌സിനേഷൻ നടപടികൾ ഇന്നും തുടരും. ഇന്നലെ 21 നായകൾക്കാണ് വാക്സിനേഷൻ നൽകിയത്. പേവിഷബാധ സ്ഥിരീകരിച്ച നായ സഞ്ചരിച്ച തൃക്ക, വാഴപ്പിള്ളി, വെള്ളൂർക്കുന്നം, കാവുംകര പ്രദേശങ്ങളിലെ 14 തെരുവുനായകളെ പിടികൂടി വാക്‌സിൻ നൽകി നിരീക്ഷണത്തിനായി പാർപ്പിച്ചു. നഗരത്തിലെ അടഞ്ഞു കിടക്കുന്ന മത്സ്യമാർക്കറ്റിൽ പ്രത്യേകം തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രത്തിൽ 15 ദിവസത്തേക്കാണ് നായകളെ പാർപ്പിച്ചിരിക്കുന്നത്. നഗരസഭാ പരിധിയിലെ മറ്റ് വാർഡുകളിൽ നിന്ന് പിടികൂടിയ നായകളെ വാക്‌സിൻ നൽകി വിട്ടയച്ചു. കോട്ടയത്ത് നിന്നുള്ള നാലംഗ സംഘം പിടികൂടുന്ന നായകൾക്ക് മൂവാറ്റുപുഴ വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരാണ് വാക്‌സിൻ നൽകുന്നത്. വ്യാഴാഴ്ച കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ഞായറാഴ്ചയാണ് ചത്തത്.

തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കോളേജിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതോടൊപ്പം വളർത്തുനായകൾക്കും വാക്‌സിനെടുക്കുന്നതും ലൈസൻസ് ഏർപ്പെടുത്തുന്നതും കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ വളർത്തുന്ന നായകളെ കൂടുകളിൽ പൂട്ടിയിട്ടണമെന്നും, തെരിവിലേക്കിറങ്ങുന്ന സാഹചര്യമുണ്ടായാൽ നായകളെ പിടികൂടി ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.