കൊച്ചി: ഇന്ത്യൻ വിവരാവകാശ നിയമത്തിന്റെ വളർച്ചയ്ക്കും പ്രയോഗത്തിനും നിസ്തുല സംഭാവന നൽകിയവർക്കായി പ്രവാസി ലീഗൽ സെൽ ഏർപ്പെടുത്തിയ വിവരാവകാശ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റും പ്രമുഖ ആർടി.ഐ ആക്ടിവിസ്റ്റുമായ കെ.പത്മനാഭന്റെ സ്മരണാർത്ഥമാണ് അവാർഡ്. വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാം. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ ശുപാർശ ചെയ്യാം.
വിവരാവകാശ രംഗത്തെ വേറിട്ട സേവനങ്ങൾ വിശദമാക്കുന്ന കുറിപ്പും രേഖകളുടെ പകർപ്പും വ്യക്തി വിവരവും ഫോട്ടോയും സഹിതം അപേക്ഷിക്കണം. ആദ്യ കത്തിൽ മുഴുവൻ വിവരങ്ങളും നൽകണമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം അറിയിച്ചു.
pravasilegalcell@gmail.com എന്ന മെയിലിലോ പ്രവാസി ലീഗൽസെൽ ഡി 144 ബേസ്‌മെന്റ്, ഹരി നഗർ, ആശ്രം, ന്യൂ ഡൽഹി 110 014 എന്ന വിലാസത്തിലോ അയയ്ക്കണം. അവസാന തീയതി 25.