pic
ജലഗതാഗത വകുപ്പിന്റെ ബോട്ട് എറണാകുളം ജെട്ടി

കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്ര, ടൂറിസം ബോട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം വരുന്നു. വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിന്റെ ക്യൂ.ആർ കോഡ് ലഭിക്കും. അതു കാണിച്ചാണ് യാത്ര ചെയ്യേണ്ടത്.

ഒരുകോടി രൂപ ഇതിനായി വകയിരുത്തി. സർക്കാരിന്റെ അംഗീകാരത്തിനായി പദ്ധതി ഉടൻ സമർപ്പിക്കും. ടൂറിസം ബോട്ടുകളിൽ ഓൺലൈൻ ബുക്കിംഗ് നടപ്പാക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് യാത്രാബോട്ടുകളെയും ഉൾപ്പെടുത്തുകയായിരുന്നു.

ജെട്ടികളിൽ നിന്ന് നേരിട്ട് വാങ്ങാനായി നിശ്ചിത ശതമാനം ടിക്കറ്റുകൾ മാറ്റിവയ്ക്കും. ഇത് എത്രയെന്ന് തീരുമാനമായിട്ടില്ല. ബോട്ടിൽ നിന്നും ടിക്കറ്റ് വാങ്ങാം.

നിലവിലെ ടിക്കറ്റ് മെഷീൻ മാറ്റി 5 ജി സപ്പോർട്ട‌ുള്ള ആൺഡ്രോയ്ഡ് മെഷീനുകളാക്കും. യാത്രക്കാർക്ക് ലഭിക്കുന്ന ക്യു.ആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യും. ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. യാത്രാ പാസുകളും ക്യു.ആർ കോഡ് നൽകി പുതുക്കാനാവും.

ടൂറിസ്റ്റ് ബോട്ടുകളിൽ ഓൺലൈൻ മാത്രം

ടൂറിസ്റ്റ് ബോട്ടുകളിൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം മാത്രമായിരിക്കും. വകുപ്പ് നൽകിയ ഫോൺ നമ്പറുകളിൽ വിളിച്ചാണ് നിലവിൽ ടൂറിസ്റ്റ് ബോട്ടുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ടൂറിസ്റ്റ് ബോട്ടുകളിൽ ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.