കൊച്ചി: പെൻഷൻ സുരക്ഷ ഉറപ്പാക്കുന്നതിന് ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാൻ ബോർഡ് തയ്യാറായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ കേന്ദ്ര നിർവാഹകസമിതി യോഗം തീരുമാനിച്ചു.
മാസ്റ്റർ ട്രസ്റ്റിൽ ത്രികക്ഷികരാർ പ്രകാരം സർക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും ഫണ്ട് നിക്ഷേപിച്ച് പെൻഷൻ സുരക്ഷ ഉറപ്പാക്കാത്തതിനെതിരെ പെൻഷണേഴ്‌സ് കൂട്ടായ്മ സമർപ്പിച്ച ഹർജിയിലെ ഹൈക്കോടതി നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആശങ്ക പരിഹരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ ഒന്നിന് പെൻഷണേഴ്‌സ് കൂട്ടായ്മ, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികളിൽനിന്ന് അഡിഷണൽ ചീഫ് സെക്രട്ടറി തെളിവെടുത്തിരുന്നു. കോടതി നിശ്ചയിച്ച സമയപരിധിയായ ജനുവരി ആറിന് നടപടികൾ സംബന്ധിച്ച ഉത്തരവിറക്കാതെ രണ്ടുമാസത്തേയ്ക്ക് സാവകാശംതേടി ഉപഹർജി സമർപ്പിച്ചു. ആ സമയപരിധിയും കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും തീരുമാനിക്കാത്തത് ദുരൂഹമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ പിൻവലിക്കുന്നതോടെ തീരുമാനമെടുത്തില്ലെങ്കിൽ നടപടികൾ സ്വീകരിക്കാൻ യോഗം ലീഗൽ സമിതിയെ ചുമതലപ്പെടുത്തി.
പ്രസിഡന്റ് എം. മുഹമ്മദാലി റാവുത്തർ അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി എ.വി. വിമൽചന്ദ്, ട്രഷറർ എം. പ്രദീപ്കുമാർ, ലീഗൽ സമിതി കൺവീനർ വി.പി. രാധാകൃഷ്ണൻ, ആർ. സ്വാമിനാഥൻ, എൻ.ടി. ജോബ്, ഗീത ആർ. നായർ എന്നിവർ പ്രസംഗിച്ചു.