കൊച്ചി: സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം. വൈകിട്ട് നാലുമണി മുതൽ www.hscap.kerala.gov.in എന്ന വെബ്സൈറ്റ് ലഭ്യമാകും. ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം നടത്താനുള്ള സീറ്റുകൾ ലഭ്യമാണെന്ന് ഹയർസെക്കൻഡറി ജില്ലാ കോ ഓർഡിനേറ്രർ അറിയിച്ചു.
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം. തെറ്റ് സംഭവിച്ചാൽ അപേക്ഷ നിരസിക്കാനിടയാകും. സ്വന്തമായി ചെയ്യാൻ പറ്റാത്തവർ ഇന്റർനെറ്റ് കേന്ദ്രങ്ങളിൽ പോകുന്നതിലും ഉചിതം വീടിന് സമീപത്തെ ഹൈസ്കൂളിലോ ഹയർ സെക്കൻഡറി സ്കൂളുകളിലോ എത്തി അപേക്ഷ നൽകുന്നതാണ്. അവിടെ വിദ്യാർത്ഥികൾക്കായി ഹെല്പ് ഡെസ്ക് സജ്ജീകരിക്കും. കുറഞ്ഞത് രണ്ട് അദ്ധ്യാപകർ വീതമുണ്ടാകും. സ്കൂൾതല ഹെല്പ് ഡെസ്കിന് പുറമെ കരിയർ ഗൈഡൻസ്, എൻ.എസ്.എസ് യൂണിറ്റുകളുടെ ഹെല്പ് ഡെസ്കുകളുമുണ്ടാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25.
സീറ്റ് വർദ്ധിപ്പിച്ചു
ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ക്ലാസിൽ 50 ന് പകരം 60 വിദ്യാത്ഥികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കും. 60ൽ കൂടുതൽ വിദ്യാർത്ഥികൾ വന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും ആവശ്യപ്രകാരം ഒരു ബാച്ച് കൂടി അനുവദിക്കും. അങ്ങനെയെങ്കിൽ കുറഞ്ഞത് 25 കുട്ടികളെങ്കിലും ഒരു ക്ലാസിൽ വേണം. 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കുമ്പോൾ ഏകദേശം 44,000 സീറ്റുകൾ ജില്ലയിൽ ലഭിക്കും.
അപേക്ഷകർ ശ്രദ്ധിക്കാൻ
സ്കൂൾ, കോമ്പിനേഷൻ എന്നിവ നേരത്തെ മനസ്സിലാക്കണം
സംവരണ കാറ്റഗറികൾ തെറ്റരുത്
ട്രയൽ അലോട്ട്മെന്റ് വന്നതിനുശേഷം തെറ്റുകളുണ്ടെങ്കിൽ തിരുത്താം
പത്താംതരം പഠന സ്‌കീം 'അദേഴ്‌സ്' ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം
ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യണം
ആനുകൂല്യങ്ങൾക്ക് അർഹരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം
അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുണ്ടായാൽ hssadmissionkerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അന്ന് തന്നെ അറിയിക്കണം
സ്കൂൾ തിരഞ്ഞെടുക്കും മുമ്പ്
ഇടപ്പള്ളി ചേരാനെല്ലൂർ, പെരുമ്പാവൂർ ചേരാനെല്ലൂർ ഇവ രണ്ടും മാറിപ്പോകരുത്
പുതിയകാവ് സ്കൂൾ നോർത്ത് പറവൂരാണ്, തൃപ്പൂണിത്തുറ പുതിയകാവിൽ സ്കൂളില്ല
ഓർത്തിരിക്കാം തീയതികൾ
അപേക്ഷിക്കാനുള്ള അവസാന ദിവസം - മേയ് 25
ട്രയൽ അലോട്ട്മെന്റ്- മേയ് 29
ആദ്യ അലോട്ട്മെന്റ്- ജൂൺ 5
രണ്ടാംഘട്ട അലോട്ട്മെന്റ്- ജൂൺ 12
മൂന്നാംഘട്ട അലോട്ട്മെന്റ്- 19
ക്ലാസ് തുടങ്ങുന്നത്- ജൂൺ 24
അഡ്മിഷൻ സമാപനം- ജൂലായ് 31