ആലുവ: പത്ത് വർഷത്തിലേറെയായി മുടങ്ങിയ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ശമ്പള കമ്മീഷൻ വാട്ടർ അതോറിറ്റിയിലെ ശമ്പള / പെൻഷൻ പരിഷ്‌കരണങ്ങൾക്ക് 2021 ജൂലായിൽ സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.

18ന് ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും. 500ഓളം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.

രാവിലെ 10.30ന് പ്രതിനിധി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആർ. ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, മുൻമന്ത്രി ജോസ് തെറ്റയിൽ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, പി.വി. നന്ദകുമാർ, ടി. വിൽസപ്പൻനായർ, വി. അബ്ദുൾ ബഷീർ എന്നിവർ പ്രസംഗിക്കും.

അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണൻകുട്ടി നായർ, വൈസ് പ്രസിഡന്റ് പി. സുകുമാരൻ നായർ, രക്ഷാധികാരി പി.വി. ദാസപ്പൻ, വി.ഡി. ജോസ്, എ.എൻ. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.