kklm

കൂത്താട്ടുകുളം: സഹകരണ മേഖലയിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനുള്ള കരാർ കൈമാറി. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മഠത്തിൽ എക്സ്പോർട്ടിംഗ് കമ്പനി കാക്കൂർ സഹകരണ ബാങ്കിനാണ് പർച്ചേസ് ഓർഡർ നല്കിയത്. കരാർ കൈമാറ്റ ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ അദ്ധ്യക്ഷനായി. കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ കെ. സുനിൽ, പി.ജി. ദാസ്, എക്സ്പോർട്ടിംഗ് കമ്പനി എം.ഡി സുദർശന കുമാർ, കോ-ഓർഡിനേറ്റർ എം.ജി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കാക്കൂർ സഹകരണബാങ്കിന്റെ ഫ്രോസൺ ചെയ്ത വിവിധയിനം മരച്ചീനിക്കാണ് ഓർഡർ. കഴിഞ്ഞ ജനുവരിയിൽ സഹകരണ വകുപ്പുമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 24 സഹകരണ സംഘങ്ങളുടെ യോഗം സഹകരണ രജിസ്ട്രാർ വിളിച്ചിരുന്നു. അതിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യാപാര കരാർ. ഗുണമേൻമയുള്ള ഉല്പന്നങ്ങൾ തയ്യാറാക്കുന്ന സംഘങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന് മഠത്തിൽ എക്സ്പോർട്ടിംഗ് കമ്പനി എം.ഡി സുദർശനൻ അറിയിച്ചു.