ആലുവ: ആലുവയിൽ ഗുണ്ടാസംഘം മഹിളാ കോൺഗ്രസ് നേതാവിന്റെ വീട് തല്ലിത്തകർത്ത കേസിലെ പ്രതികളെ സഹായിക്കുന്ന പൊലീസ് നടപടി വിവാദമായി. വീടുതല്ലിത്തകർത്ത പ്രതികളിൽ മുഖ്യപ്രതി ഒഴികെയുള്ളവർ പിടിയിലായെങ്കിലും സംഭവത്തിലേക്ക് നയിച്ച വിഷയത്തെ പൊലീസ് വളച്ചൊടിക്കുകയാണെന്നാണ് ആക്ഷേപം.

തായിക്കാട്ടുകര ശ്രീനാരായണപുരം കാട്ടൂപ്പറമ്പിൽ ജിഷ ബാബുവിന്റെ വീടാണ് അയൽവാസി രാഹുലിന്റെ നേതൃത്വത്തിൽ തകർത്തത്. ഏപ്രിൽ 27ന് രാത്രി പത്തിന് ജിഷ ബാബുവിന്റെ ഭർതൃസഹോദരൻ ജയന്റെ വീട്ടിൽ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം.

ജയന്റെയും ഗർഭിണിയായ മകളുടെയുമെല്ലാം കൂട്ടക്കരച്ചിൽ കേട്ടാണ് ജിഷ ബാബുവിന്റെ മക്കൾ ഉൾപ്പെടെ അയൽവാസികൾ ഓടിയെത്തിയത്. രാഹുലിനെ ജിഷയുടെ മക്കളുംകൂടി ചേർന്നാണ് പിടിച്ചുമാറ്റിയത്.

അന്ന് രാത്രിതന്നെ ആലുവ പൊലീസ് വീട്ടിലെത്തിയെങ്കിലും അടുത്ത ദിവസം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച് മടങ്ങി. അടുത്ത ദിവസം ജയനും മകളും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. എന്നാൽ മേയ് നാലിന് ഇതേസംഭവത്തിൽ പ്രതിയുടെ മാതാവ് നൽകിയ പരാതിയിൽ ജിഷയുടെ മക്കൾക്കെതിരെ ആലുവ പൊലീസ് കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ 12ന് വൈകിട്ട് മൂന്നരക്ക് രാഹുലിന്റെ നേതൃത്വത്തിൽ പ്രതികൾ വീടാക്രമിച്ചപ്പോൾ വീട്ടിലുണ്ടായിരുന്ന ജിഷയുടെ മകൻ ജിതിൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. ജിതിനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് രണ്ടാമതെത്തി വീണ്ടും ആക്രമിക്കുന്നത്. ഇതും പൊലീസിന്റെ വീഴ്ചയാണെന്നാണ് ആരോപണം. ഇത് മറച്ചുവയ്ക്കാനാണ് ജിഷ ബാബുവിന്റെ മക്കൾക്കെതിരെ കള്ളക്കേസെടുത്തതെന്നും

മുഖ്യപ്രതിയെ പിടികൂടാത്തത് പൊലീസിന്റെ നിസംഗതയുടെ തെളിവാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

പൊലീസ് പറയുന്നത്: ജയനും മകളും മൊഴി നൽകാതിരുന്നതിനാലാണ് കേസെടുക്കാതിരുന്നതെന്നും പ്രശ്നം പറഞ്ഞുതീർത്തുകാണുമെന്ന് ധരിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.