barge

കൊച്ചി: ലക്ഷദ്വീപിലേയ്ക്ക് യാത്രാബാർജുകൾ നിർമ്മിച്ചുനൽകാമെന്ന കരാറിൽ തട്ടിപ്പ് നടത്തിയ ഗോവയിലെ വിപുൽ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിപുൽ ഷിപ്പിംഗ് എൻജിനിയറിംഗ് വർക്സ്‌ എന്നീ സ്ഥാപനങ്ങളുടെ 12.20 കോടി രൂപയുടെ സ്വത്തുക്കൾ കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.

10.07കോടിരൂപ വിലമതിക്കുന്ന രണ്ടുബാർജുകളും യന്ത്രസാമഗ്രികളും ബാങ്ക് ബാലൻസും 2.13 കോടി വിലമതിക്കുന്ന ഭൂസ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. സി.ബി.ഐ രജിസ്റ്റർചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ നടപടി. 200വീതം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന രണ്ടു ബാർജുകൾ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർമ്മിച്ചുനൽകാൻ 2004 -05 വർഷത്തിൽ വിപുലുമായി കരാർ ഒപ്പിട്ടിരുന്നു. ഇത്തരം ബാർജുകൾ നിർമ്മിച്ച് പരിചയമില്ലാത്ത വിപുൽ ഷിപ്പ്‌യാർഡിന് കരാർ നൽകാൻ മുംബയിലെ എസ്.സി.ഐ.എല്ലിന്റെ വൈസ് പ്രസിഡന്റായിരുന്ന ജ.വി.എസ് റാവു ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ടെൻഡർ നടപടികളിൽ പങ്കെടുക്കാതിരുന്ന വിപുലിനാണ് കരാർ ലഭിച്ചത്. ഇതുവരെ ബാർജുകൾ ദ്വീപ് ഭരണകൂടത്തിന് കൈമാറിയിട്ടുമില്ല. ഇതുവഴി 12.20കോടിരൂപയുടെ നഷ്ടം സംഭവിച്ചതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.