ആലുവ: നഗരസഭയുടെ നിർദ്ദിഷ്ട പൊതുശ്മശാന നിർമ്മാണ പ്രവർത്തനത്തിലെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ശ്മശാന നിർമ്മാണം ഉടൻ തുടങ്ങണമെന്ന് ഹൈന്ദവ സംഘടനകൾ നിരന്തരം ആവശ്യപ്പെടുകയാണ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമുണ്ട്. എല്ലാ വർഷവും ബ‌ഡ്ജറ്റിൽ തുക നീക്കിവെക്കുന്നതല്ലാതെ നിർമ്മാണം തുടങ്ങാതെ ഹൈന്ദവ സമൂഹത്തെ കബളിപ്പിക്കുകയാണ്. നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് ഹിന്ദു ഐക്യവേദി മുൻസിപ്പൽ സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഷൈൻ തോട്ടക്കാട്ടുകര അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.സി. ബാബു,​ താലൂക്ക് സംഘടന സെക്രട്ടറി ബേബി, താലൂക്ക് ട്രഷറർ ഹരിദാസ് നൊച്ചിമ, മുനിസിപ്പൽ ജനറൽ സെക്രട്ടറി രമേഷ് ബാബു എന്നിവർ സംസാരിച്ചു.